ലോസ്ആഞ്ചലസ് : ലോകപ്രശസ്ത മജീഷ്യനും പാരാനോര്‍മല്‍ വിഗദ്ധര്‍ ഉള്‍പ്പെടെ അമാനുഷിക കഴിവുണ്ടെന്ന് വാദിച്ചവരെ പൊളിച്ചടുക്കിയ നാസ്തികനുമായിരുന്ന ജെയിംസ് റാന്‍ഡി അന്തരിച്ചു. 92 വയസായിരുന്നു. കാനഡയില്‍ ജനിച്ച അമേരിക്കന്‍ പൗരനായ റാന്‍ഡി അന്യഗ്രഹജീവികള്‍, ആത്മാക്കള്‍ തുടങ്ങിയവ ഉണ്ടെന്ന് വാദിച്ചിരുന്നവരെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.
നയാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്നും തലകീഴായി കിടന്ന് സ്‌ട്രേയിറ്റ് ജാക്കറ്റില്‍ നിന്നും രക്ഷപ്പെടുന്ന അതിസാഹസിക വിദ്യയിലൂടെയാണ് റാന്‍ഡി മജീഷ്യന്‍മാരുടെ ലോകത്ത് പ്രശസ്തനായത്. തന്റെ മാജിക്കുകള്‍ വെറും കണ്‍കെട്ട് വിദ്യകളാണെന്ന് പറഞ്ഞ റാന്‍ഡി പാരാനോര്‍മല്‍ ശക്തികള്‍ ഉണ്ടെന്ന് വസ്തുനിഷ്ഠമായി തെളിയിക്കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും 1964ല്‍ അതിനായി ഒരു ഫൗണ്ടേഷന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
2015ല്‍ ഫൗണ്ടേഷനില്‍ നിന്നും വിരമിക്കുന്നത് വരെ ഇതുവരെ ആര്‍ക്കും റാന്‍ഡിയ്ക്ക് മുന്നില്‍ അമാനുഷിക ശക്തി ഉണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ 10 ലക്ഷം ഡോളര്‍ ആര്‍ക്കും സ്വന്തമാക്കാനും കഴിഞ്ഞില്ല. ദൈവദൂതന്‍മാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവരുടെ സിദ്ധികളിലും യാഥാര്‍ത്ഥ്യമില്ലെന്ന് റാന്‍ഡി തെളിയിച്ചിരുന്നു. കപടശാസ്ത്രവാദികളെ ചോദ്യം ചെയ്യാന്‍ ജീവിതം മാറ്റിവച്ച റാന്‍ഡി ഒരു നിരീശ്വരവാദി കൂടിയായിരുന്നു.
Post Your Comments