ദില്ലി: 2019 ലെ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (പിഡിപി) ബില്‍ അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ച് ആമസോണ്‍. ഒക്ടോബര്‍ 28-നുള്ളില്‍ സമിതിക്ക് മുന്നില്‍ ഹാജരാകാനായിരുന്നു ആമസോണിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ പ്രാപ്തരായ തങ്ങളുടെ വിദഗ്ധരെല്ലാം വിദേശത്താണെന്നായിരുന്നു യുഎസ് ബഹുരാഷ്ട്ര ഭീമനായ ആമസോണ്‍ നല്‍കിയ മറുപടി.
എന്നാല്‍ ഈ കോവിഡ് സമയത്ത് യാത്രാ നിയന്ത്രണം കാരണം വിദേശത്ത് നിന്ന് യാത്ര ചെയ്യാനും സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) മുമ്പാകെ ഹാജരാകാനും കഴിയാത്തത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി കമ്പനി വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ഹാജരായില്ലെങ്കില്‍ മറ്റ് കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. കമ്പനിയുടെ തീരുമാനം കടുത്ത നടപടികള്‍ വിളിച്ചുവരുത്തുന്നതാണെന്ന് സമിതി അധ്യക്ഷയും ബിജെപി എംപിയുമായ മീനാക്ഷി ലേഖി പറഞ്ഞു. ആമസോണിനെതിരെ നടപടി സ്വീകരിക്കണമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതിയിലെ എല്ലാ അംഗങ്ങളും സര്‍ക്കാറിന് ശുപാര്‍ശ ചെയ്യുമെന്നും ലേഖി വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് പ്രകടിപ്പിച്ച ആശങ്കകളെ തുടര്‍ന്ന് ബിജെപി എംപി മീനാക്ഷി ലെഖിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പിഡിപി ബില്‍ പരിശോധിക്കുന്നത്. ഒരു വിശദീകരണം നല്‍കാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, പേടിഎം എന്നിവയോടും സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.
പോളിസി ഹെഡ് അങ്കി ദാസിന്റെ നേതൃത്വത്തിലുള്ള ഫേസ്ബുക്ക് ഇന്ത്യ അധികൃതര്‍ ഇന്ന് ജെപിസിക്ക് മുന്നില്‍ ഹാജരായി രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഭീമന്‍ നടത്തിയ പക്ഷപാതത്തെച്ചൊല്ലി അടുത്തിടെയുണ്ടായ വിവാദത്തില്‍ എംഎസ് ദാസ്, ഡാറ്റാ പരിരക്ഷണത്തെക്കുറിച്ച് ചോദിച്ചതായാണ് സൂചന.
Post Your Comments