തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയതോടെ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയാണ്. ഇതിനൊപ്പമാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറയുന്നത്. ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിന് വലിയ ആശ്വാസം പകരുന്നതാണിത്. രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസത്തിനു വകനല്‍കുന്നതാണെങ്കിലും ജാഗ്രത ഇനിയും ശക്തിപ്പെടുത്തുകതന്നെ വേണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഈ മാസം ഏഴിന് 12,752 ആയിരുന്നു. അതിനു ശേഷം ഓരോ ദിവസവും രോഗികളുടെ എണ്ണം ക്രമേണ കുറയുകയാണ്. ഇന്നലെ (21 ഒക്ടോബര്‍) വരെയുള്ള കണക്കു പ്രകാരം ജില്ലയില്‍ രോഗം ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 9,106 ആണ്.
ഒക്ടോബര്‍ ഏഴു മുതല്‍ ഓരോ ദിവസവും ചികിത്സയിലുള്ള രോഗികളുടെ എണ്ണം ചുവടെ;
ഒക്ടോബര്‍ 07 (12,752)
ഒക്ടോബര്‍ 08 (11,690)
ഒക്ടോബര്‍ 09 (11,621)
ഒക്ടോബര്‍ 10 (12,017)
ഒക്ടോബര്‍ 11 (11,612)
ഒക്ടോബര്‍ 12 (11,405)
ഒക്ടോബര്‍ 13 (11,367)
ഒക്ടോബര്‍ 14 (11,070)
ഒക്ടോബര്‍ 15 (10,954)
ഒക്ടോബര്‍ 16 (10,763)
ഒക്ടോബര്‍ 17 (10,743)
ഒക്ടോബര്‍ 18 (10,212)
ഒക്ടോബര്‍ 19 (9,054)
ഒക്ടോബര്‍ 20 (9,159)
ഒക്ടോബര്‍ 21 (9,106)
നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ ജില്ലയില്‍ രോഗവ്യാപനത്തിനു ശമനം വന്നുതുടങ്ങിയെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗികളുടെ എണ്ണം കുറയുന്നത് ആശുപത്രി സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിനും ഏറെ ആശ്വാസം പകരുന്നതാണെന്നു കളക്ടര്‍ പറഞ്ഞു. ജില്ലയിലെ ആശുപത്രികളിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളുടെ സ്ഥിതി പൂര്‍ണ തൃപ്തികരമാണ്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി മാത്രം നീക്കിവച്ചിരിക്കുന്നതില്‍ 27 ശതമാനം കിടക്കകള്‍ ഇപ്പോള്‍ ഒഴിവുണ്ട്. ഐ.സി.യു. സംവിധാനങ്ങളും വെന്റിലേറ്ററുകളും നിലവില്‍ പര്യാപ്തമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രതിദിന രോഗികളുടേയും ചികിത്സയിലുള്ള രോഗികളുടേയും എണ്ണം കുറയുന്നുണ്ടെങ്കിലും ജില്ല രോഗഭീതിയില്‍നിന്നു മുക്തമായിട്ടില്ല. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ അല്‍പ്പംപോലും ഇളവു നല്കാന് സമയമായിട്ടില്ല. രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്ത വിദേശരാജ്യങ്ങളിലടക്കം കോവിഡ് വീണ്ടും പടരുന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതിനാല്‍ ജാഗ്രത ശക്തമാക്കുന്നതില്‍ പൊതുജനങ്ങള്‍ തുടര്‍ന്നും സഹകരിക്കണം. സിആര്‍പിസി 144 പ്രകാരം ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് ബഹുഭൂരിപക്ഷം ആളുകളും സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
Post Your Comments