വാഷിങ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കമ്പനിക്ക് ചൈനയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്. ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍സ് മാനേജ്‌മെന്റ് ആണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഏഷ്യയിലെ ഹോട്ടല്‍ വ്യവസായത്തിന്റെ സാധ്യത വിനിയോഗിക്കാനാണ് ഈ സ്ഥാപനം ചൈനയില്‍ തുടങ്ങിയത് എന്നാണ് കമ്പനിയുടെ വിശദീകരണം.
2013 മുതല്‍ 2015 വരെ ട്രംപിന്റെ കമ്പനി ചൈനയില്‍ 1.8 ലക്ഷത്തിലധികം നികുതി അടച്ചിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടനിലും അയര്‍ലന്‍ഡിലും ട്രംപിന് ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും നികുതി രേഖകള്‍ കാണിക്കുന്നു. ട്രംപിന്റെ വിദേശ അക്കൗണ്ടുകളിലൂടെ എത്രമാത്രം പണം നീങ്ങിയെന്ന് നികുതി രേഖകള്‍ കാണിക്കുന്നില്ലെങ്കിലും, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭാഗങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആഭ്യന്തര റവന്യൂ സേവന വിഭാഗം അനുശാസിക്കുന്നുണ്ട്. ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്മെന്റ് ചൈനയില്‍ നിന്ന് കുറഞ്ഞ തുകയാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അക്കൗണ്ടുള്ള ചൈനീസ് ബാങ്കിന്റെ പേര് നല്‍കാന്‍ ട്രംപിന്റെ കമ്പനി വിസമ്മതിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ചൈനീസ് ബന്ധം പുറത്ത് വന്നത് ട്രംപിന് തിരിച്ചടിയായിട്ടുണ്ട്. ചൈനയ്‌ക്കെതിരെ ട്രംപ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതോടെ പൊളിഞ്ഞുവെന്ന് ബൈഡന്‍ പക്ഷം ആരോപിച്ചു. ചൈനയില്‍ പദ്ധതികള്‍ക്കായി അഞ്ച് കമ്പനികളിലായി 1,92,000 ഡോളറെങ്കിലും ട്രംപ് നിക്ഷേപിച്ചിട്ടുണ്ടെന്നും നികുതി രേഖകളെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തുന്നു.
Post Your Comments