Latest NewsKeralaNews

ഈ ജനപ്രതിനിധി ഇനിയും വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്: അനില്‍ അക്കര നാടിനോട് തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം: എ സി മൊയ്‌തീന്‍

കൊച്ചി: അനിൽ അക്കര എംഎൽഎയ്‌ക്കെതിരെ വിമർശനവുമായി മന്ത്രി എ സി മൊയ്തീൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാവപ്പെട്ടവന് കിടപ്പാടം നല്കുന്ന പദ്ധതിയുമായി സഹകരിക്കാനുള്ള നന്മ എംഎൽ‌എയ്ക്ക് ഇല്ലാതെ പോയതാണ് ഇക്കഴിഞ്ഞ നാളുകളിൽ വടക്കാഞ്ചേരി നേരിട്ട കെടുതികളിലൊന്ന്. അഴിമതിയാരോപണമെന്ന പുകമറയിൽ പദ്ധതിയെ തകിടം മറിക്കാനായിരുന്നു അനിലിന്റെ ശ്രമം. സിബിഐയ്ക്ക് നേരിട്ട് പരാതി നല്കി. ഒക്കച്ചങ്ങായിമാരുടെ ശ്രമഫലമായി കേസ്സ് അവർ ഏറ്റെടുത്തു. അന്വേഷണം തിരുതകൃതിയായി നടത്തി. എന്നിട്ടും അനിൽ നിരാശനാണ്. ഉദ്ദേശിച്ച പദ്ധതികളൊന്നും വേണ്ടപോലെ ഫലിക്കുന്നില്ലെന്നും എ സി മൊയ്‌തീന്‍ പറയുന്നു. പാവപ്പെട്ടവന് ഒരു തണൽ എന്ന സ്വപ്നത്തിന് മേൽ തീത്തൈലം കോരി ഒഴിച്ചത് ആരാണെന്ന് വടക്കാഞ്ചേരിക്കാർ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Read also: ചേട്ടന്റെ കുഞ്ഞിന് 10 ലക്ഷത്തിന്റെ അടിപൊളി വെള്ളി തൊട്ടിൽ ; മേഘ്നയ്ക്ക് സർപ്രൈസ് നൽകി ധ്രുവ് സർജ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് ഉടൻ പൂർത്തിയാക്കി അർഹരായവർക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധിയായ അനിൽഅക്കര മുഖ്യമന്ത്രിക്ക് കത്തുനൽകിയിരിക്കുന്നു.
പാവപ്പെട്ടവന് കിടപ്പാടം നൽകുന്ന പദ്ധതിയുമായി സഹകരിക്കാനുള്ള നന്മ എം.എൽ.എയ്ക്ക് ഇല്ലാതെ പോയതാണ് ഇക്കഴിഞ്ഞ നാളുകളിൽ വടക്കാഞ്ചേരി നേരിട്ട കെടുതികളിലൊന്ന്. അഴിമതിയാരോപണമെന്ന പുകമറയിൽ പദ്ധതിയെ തകിടം മറിക്കാനായിരുന്നു അനിലിൻ്റെ ശ്രമം.സി ബി ഐയ്ക്ക് നേരിട്ട് പരാതി നൽകി.ഒക്കച്ചങ്ങായിമാരുടെ ശ്രമഫലമായി കേസ്സ് അവർ ഏറ്റെടുത്തു. അന്വേഷണം തിരുതകൃതിയായി നടത്തി. എന്നിട്ടും അനിൽ നിരാശനാണ്.ഉദ്ദേശിച്ച പദ്ധതികളൊന്നും വേണ്ടപോലെ ഫലിക്കുന്നില്ല. ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുന്ന പോലെ എം.പി.യെയും മറ്റ് വേണ്ടപ്പെട്ടവരെയും കൂട്ടി നീതു ജോൺസൺ എന്ന കുട്ടിയെത്തേടി മണ്ഡലത്തിൽ നടത്തിയ കാത്തിരിപ്പു നാടകം പോലും എട്ടു നിലയിലാണ് പൊട്ടിയത്.
കമ്മീഷൻ കൊടുത്തതിലുള്ള വേവലാതിയോ അഴിമതി വിരുദ്ധതയോ ഒന്നും കൊണ്ടല്ല ഇയാൾ സിബിഐക്ക് പരാതി അയച്ചതെന്ന് സാമാന്യബുദ്ധിയുള്ളവർക്കറിയാം. ആരോപണക്കൊടുങ്കാറ്റ് സൃഷ്ടിച്ച് മുഖ്യമന്ത്രിയേയും, സർക്കാരിനെയും പ്രതിസ്ഥാനത്ത് നിർത്താനുള്ള കോൺഗ്രസ്സ് – ബി ജെ പി ഇരട്ടകളുടെ അവിഹിത കൂട്ടുകെട്ടിന് ചൂട്ട് കത്തിച്ച് മുമ്പേ നടക്കാനുള്ള ശ്രമമാണ് ഇയാൾ നടത്തിയത് കേസ്സ് CBI യെ ഏൽപ്പിക്കുക, പദ്ധതി കലക്കുക, ജനവികാരം സർക്കാരിനെതിരെ തിരിക്കുക എന്നതായിരുന്നു കുബുദ്ധി.
പദ്ധതിCBI അന്വേഷണത്തിലേക്ക് വലിച്ചിഴച്ചതിൽ അനിലിന് ലഭിച്ച നേട്ടം വടക്കഞ്ചേരി ഫ്ലാറ്റ് പണി നിർത്തിക്കാനും, കരാർ ഏറ്റെടുത്ത നിർമ്മാണ കമ്പനിയെ അത് ഉപേക്ഷിക്കാൻ പ്രേരിപ്പിക്കാനും കഴിഞ്ഞു എന്നത് മാത്രമാണ്.
ഇയാളുടെ ജീർണ്ണ മനസ്സ് നാട്ടുകാർ തിരിച്ചറിഞ്ഞിരിക്കുന്നു.പദ്ധതിയുടെ ഗുണഭോക്താക്കളും നാട്ടുകാരും അക്കരയുടെ വികസന വിരോധത്തിൻ്റെ തീവ്രതയ്ക്കെതിരെ പ്രതികരിക്കുമെന്നും പടപാളയത്തിൽ നിന്നു തന്നെ തുടങ്ങുമെന്നും അയാൾക്ക് മനസ്സിലായിരിക്കുന്നു..
ജനമെതിരായാൽ , 43 വോട്ട് മാത്രം ഭൂരിപക്ഷം ലഭിച്ച താൻ വരുന്ന തിരഞ്ഞെടുപ്പിലും ഇവിടെ നിന്നും മത്സരിക്കാൻ ഉടുപ്പു തയ്പ്പിച്ചിരിക്കുന്നത് വെറുതെയാകുമെന്നും ഉറപ്പായപ്പോൾ മാലാഖയുടെ മുഖപടമണിഞ്ഞ് മുഖ്യമന്ത്രിക്ക് ഇപ്പോൾ കത്തു നൽകിയിരിക്കുകയാണ്. അതോടൊപ്പം 14 കോടി രൂപ സർക്കാർ ഖജനാവിൽ നിന്നെടുത്ത് ചെലവാക്കണം എന്ന സൗജന്യ ഉപദേശവും.
പാവപ്പെട്ടവന് ഒരു തണൽ എന്ന സ്വപ്നത്തിന് മേൽ തീത്തൈലം കോരി ഒഴിച്ചത് ആരാണെന്ന് വടക്കാഞ്ചേരിക്കാർ മനസ്സിലാക്കിയിട്ടുണ്ട്.കത്ത് നൽകി നാട്ടുകാരെ പറ്റിക്കാൻ ശ്രമിക്കുന്ന ഈ ജനപ്രതിനിധി ഇനിയും വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. ആരോപണ പുകമറയിൽ സർക്കാരിനെയും, ലൈഫ്മിഷനെയും നിർത്തി പാവപ്പെട്ടവരുടെ ജീവിതത്തിന് താഴിട്ട്, തുടരെത്തുടരെ അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് വ്യക്തിപരമായി അയാൾക്ക് ശരിയായിത്തോന്നാം. പക്ഷെ, സാംസ്കാരിക തലസ്ഥാനത്തെ ഒരു ജന പ്രതിനിധിക്ക് ഇത് അഭിലഷണീയമല്ല.
നിലപാടുകളിലെ ആത്മാർത്ഥതയില്ലായ്മ, ജനങ്ങളുടെ പ്രശ്നങ്ങളോടുള്ള കപട സമീപനങ്ങൾ ഇവയുടെ ആകെത്തുക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം മരവിച്ചു എന്നതാണ്. വികസന മന്ത്രമുരുവിട്ടാണ് അക്കര ജനങ്ങളെ അഭിമുഖീകരിച്ചത്. എന്നാൽ, രാഷ്ട്രീയ നാടകങ്ങൾ മാത്രം മുഖമുദ്രയാക്കി കഴിഞ്ഞ നാലരവർഷം നടത്തിയ പ്രവർത്തനം മണ്ഡലത്തിൻ്റെ ഹൃദയതാളം തെറ്റിച്ചിരിക്കുകയാണ്. മണ്ഡലത്തിലെ പാവപ്പെട്ടവരെ വഞ്ചിച്ച്, ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്ന ഈ ജനപ്രതിനിധി നാടിനോട് തൻ്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം.

https://www.facebook.com/ACMoideen.lsgd/posts/1251041448586405

 

shortlink

Related Articles

Post Your Comments

Related Articles


Back to top button