ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും വലിയ കൊവിഡ് രോഗമുക്തി നേടിയ രാജ്യമെന്ന നേട്ടം ഇന്ത്യക്ക്. ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തിയ രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗമുക്തി നേടിയ രാജ്യമായി നമ്മള്‍. മറ്റു രാജ്യങ്ങളില്‍ നടത്തിയ പരിശോധനയുമായി ഒത്തുനോക്കുമ്പോള്‍ നമ്മുടെ രാജ്യം രണ്ടാം സ്ഥാനത്താണ്. നിലവില്‍ രാജ്യത്ത് ഇത് വരെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 67 ലക്ഷം കടന്നു. ഇതുവരെ 9.6 കോടി കൊവിഡ് പരിശോധനകള്‍ നടത്തി.’ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
ലോക രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ഇന്ത്യയില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ പത്ത് ലക്ഷം പേരില്‍ 310 പേര്‍ക്ക് എന്ന നിരക്കിലാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആഗോളതലത്തില്‍ എറ്റവും താഴ്ന്ന കൊവിഡ് കണക്കാണെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. പത്ത് ലക്ഷം പേരില്‍ 83 പേര്‍ മാത്രമാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്നതെന്നും ഇതും ആഗോളതലത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് നിലവില്‍ 88.63 ശതമാനമാണ്. ആക്ടീവ് കേസുകള്‍ 7.5 ലക്ഷത്തില്‍ താഴെ മാത്രമാണ്. രാജ്യത്തെ 64 ശതമാനം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ ആറ് സംസ്ഥാനങ്ങളില്‍ നിന്നാണെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു
Post Your Comments