കോഴിക്കോട് : കേരളത്തിന്റെ സ്ഥിതി ഇപ്പോൾ ദയനീയമാണെന്നും ദുരഭിമാനം വെടിഞ്ഞ് കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസഹായം തേടാൻ കേരളം തയ്യാറാകണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നമ്പർ വൺ എന്ന് ആറ് മണിക്ക് തള്ളിയാൽ പോര. എന്തു കൊണ്ടാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതെന്നും രോഗികളുടെ എണ്ണം കൂടുന്നതെന്നും സർക്കാർ വ്യക്തമാക്കട്ടെയെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൊറാേണ പ്രതിരോധത്തിനായി പ്രത്യേക ടാസ്ക് ഫോഴ്സിന്റെ സേവനം വിട്ടുതരാൻ കേന്ദ്ര സർക്കാരിനോട് കേരളത്തിന് അഭ്യർത്ഥിക്കാവുന്നതേ ഉള്ളൂ. കേരളത്തിലെ ആരോഗ്യമേഖല പൂർണ്ണമായും തകർന്നിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിക്കുമ്പോൾ എൻ.എച്ച്.എമ്മിൻ്റെ പണം വാങ്ങുന്ന ഉദ്യോഗസ്ഥൻ സംസ്ഥാന സർക്കാരിനു വേണ്ടി കേന്ദ്രമന്ത്രിക്കെതിരെ രാഷ്ട്രീയ പ്രചരണം നടത്തുകയാണ്. ഇത്തരം ഉദ്യോഗസ്ഥരാണ് കോവിഡ് രോഗത്തിൽ കേരളത്തെ ഒന്നാമതാക്കുന്നത്.
പാരിപ്പള്ളി മെഡിക്കൽ കാേളജിൽ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം എവിടെയാണെന്ന് കണ്ടുപിടിക്കാൻ കഴിയുന്നില്ല. രാേഗികൾക്ക് ആംബുലൻസ് പോലും ഏർപ്പെടുത്താൻ സർക്കാരിന് കഴിയുന്നില്ല. ദയനീയമാണ് സംസ്ഥാനത്തെ സ്ഥിതി. കേന്ദ്രത്തിന്റെ കാശ് വാങ്ങി ചെലവഴിക്കാൻ മാത്രമല്ല ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ ചെയ്തതുപോലെ കേന്ദ്ര സഹായം തേടാൻ കേരള സർക്കാരും തയ്യാറാവണമെന്നും അവർ കേന്ദ്ര സഹായം തേടിയതിന്റെ ഫലമായി അവിടെ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര മെഡിക്കൽ സംഘത്തെ ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ കേരളം ഇനിയെങ്കിലും തയ്യാറാകണം. ഇക്കാര്യത്തിൽ ഗൗരവകരമായ പാളിച്ചയാണ് സർക്കാരിന് ഉണ്ടായിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments