കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഭൂമി ഏറ്റെടുക്കലിനെതിരെ ബിലീവേഴ്സ് ചർച്ചിനു വേണ്ടി അയന ചാരിറ്റബിൾ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. ജൂലൈയില്‍ ഭൂമി ഏറ്റെടുക്കൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്താണ് അയന ചാരിറ്റബിള്‍ ട്രസ്റ്റ് കോടതിയെ സമീപിച്ചത്. ഭുമി ഏറ്റെടുക്കല്‍ നടപടികള്‍ക്കു കോട്ടയം കളക്ടര്‍ക്ക് അനുവാദം നല്കി റവന്യു സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വര്‍ഷങ്ങളായി തര്‍ക്കമുള്ളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77ാം വകുപ്പ് അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഏറ്റെടുക്കാനായിരുന്നു നിര്‍ദേശം.
എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കായതിനാല്‍ കോടതിയില്‍ നഷ്ടപരിഹാര തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
അതേ സമയം എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സർക്കാരിനാണെന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാർ നിലപാട്. ഉടമസ്ഥാവകാശം തെളിയിക്കാൻ കോടതി വിധിയുണ്ടോ എന്ന് നേരത്തെ കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. സ്വന്തം ഭൂമിയാണെങ്കിൽ നഷ്ടപരിഹാരം നൽകുന്നതെന്തിനെന്നും കോടതി ചോദിച്ചിരുന്നു. ഭൂമിയുടെ വിലയല്ല, കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരമാണ് നൽകുന്നത് എന്നായിരുന്നു സർക്കാർ വാദം. ഇത് കോടതി തള്ളുകയായിരുന്നു.
Post Your Comments