കോട്ടയം: ശബരി വിമാനത്താവളം നിര്‍മാണത്തിനു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികളില്‍ സര്ക്കാര്നിര്ദേശങ്ങളൊന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് എസ്റ്റേറ്റിന്റെ നിലവിലെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ച് അധികൃതര്‍ വ്യക്തമാക്കി.വിമാനത്താവളം നിര്‍മിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഉടമസ്ഥത വിട്ടുനില്കുന്നതും തോട്ടം ഏറ്റെടുക്കുന്നതും സംബന്ധിച്ച് ബിലീവേഴ്സ് ചര്‍ച്ച് കൗണ്‍സിലുമായി സര്‍ക്കാര്‍ സുതാര്യമായ ചര്‍ച്ചയ്ക്കു തയാറാകണം. മറ്റു മാര്‍ഗങ്ങളിലേക്കാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ നീക്കത്തെ നിയമപരമായി നേരിടും.
ശബരി വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റിന്റെ 2,263 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചുവെന്നു മാധ്യങ്ങളില്‍ കണ്ട അറിവു മാത്രമേയുള്ളുവെന്ന് പിആര്‍ഒ ഫാ.സിജോ പന്തപ്പള്ളി വ്യക്തമാക്കി.സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പാലാ കോടതിയില്‍ സര്‍ക്കാര്‍ അന്യായം ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും അതില്‍ വിസ്താരമോ മറ്റ് നടപടികളോ പൂര്‍ത്തിയായിട്ടില്ല. പാലാ കോടതിയുടെ വിധി വരാതെ സ്ഥലം ഏറ്റെടുക്കാനോ നിര്‍മാണം തുടങ്ങാനോ സര്‍ക്കാരിനാവില്ല.
നിലവില്‍ എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച സുപ്രീംകോടതി വിധി ബിലീവേഴ്സ് ചര്‍ച്ചിന് അനുകൂലമാണെന്ന് ഫാ. സിജോ പറഞ്ഞു. പാട്ടക്കാലാവധി തീര്‍ന്ന തോട്ടങ്ങള്‍ സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന രാജമാണിക്യം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി സര്‍ക്കാരിന് എതിരായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കേസ് പരിഗണനയ്ക്കെടുക്കാതെ പരമോന്നത കോടതി തള്ളുകയായിരുന്നു.
ചെറുവള്ളി എസ്റ്റേറ്റിന്റേതുള്പ്പെടെ ഹാരിസണ്‍സ് കന്പനിയുടെ കേരളത്തിലെ ഏതു തോട്ടത്തിന്റെയും ആധാരത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ അതാത് ജില്ലകളിലെ സിവില്‍ കോടതിയില്‍ പോയി പരിഹാരം തേടാനാണ് മുന്‍ വിധിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. പാലാ കോടതിയുടെ വിധി വരുന്നതുവരെ സുപ്രീംകോടതിയുടെ വിധി നിലനില്‍ക്കുമെന്നും ഫാ. സിജോ വ്യക്തമാക്കി.
Post Your Comments