കൊച്ചി ∙ സ്വർണക്കടത്തിനിടയിലാണ് 2019 നവംബറിൽ റമീസ് 13 തോക്കുകൾ കേരളത്തിലേക്കു കടത്തിയതെന്ന് എൻഐഎ. പ്രതികളിൽ ആർക്കെങ്കിലും ഈ ഘട്ടത്തിൽ ജാമ്യം ലഭിക്കുന്നതു തെളിവുകൾ നശിപ്പിക്കാൻ വഴിയൊരുക്കുമെന്നും എൻഐഎ പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റ വാദിച്ചു. ഇന്ത്യയിൽ മാത്രമല്ല യുഎഇ, ടാൻസനിയ എന്നിവിടങ്ങളിലും ആഴത്തിൽ അന്വേഷണവും അതിനു കൂടുതൽ സമയവും വേണ്ടതിനാൽ പ്രതികൾക്കു ജാമ്യം നൽകരുതെന്ന് എൻഐഎ കോടതിയോട് അഭ്യർഥിച്ചു.
ദാവൂദ് കമ്പനിയിലെ ‘ഫിറോസ് ഒയാസിസ്’ ദക്ഷിണേന്ത്യക്കാരനാണെന്നു റിപ്പോർട്ടുണ്ട്. റമീസിന്റെ ടാൻസനിയ യാത്രകൾ ഇത്തരക്കാരുമായി ബന്ധത്തിനുള്ള സാധ്യതയാണു കാണിക്കുന്നത്.കള്ളക്കടത്തു ലാഭം വ്യക്തിപരമായ ആവശ്യങ്ങൾക്കു വിനിയോഗിക്കാതെ കള്ളക്കടത്തിൽ തന്നെ വീണ്ടും നിക്ഷേപിക്കുന്നതു ദേശവിരുദ്ധ സംഘടനകളുടെ പൊതുരീതിയാണെന്നും ഈ കേസിലെ പ്രതികളും ഇതേ രീതിയിൽ ലാഭം സ്വർണക്കടത്തിൽ ആവർത്തിച്ചു നിക്ഷേപിച്ചതായും എൻഐഎ പറഞ്ഞു.
അതേസമയം അതീവഗുരുതര സ്വഭാവമുള്ള കേസായിട്ടുപോലും പ്രതികളിൽ നിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധനാഫലം എൻഐഎയ്ക്കു യഥാസമയം ലഭിക്കുന്നില്ലെന്നു പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പ്രതികളുടെ 99 ഉപകരണങ്ങളിൽ 22 എണ്ണത്തിന്റെ പരിശോധനാഫലമേ ലഭിച്ചിട്ടുള്ളൂ.
read also: ‘പാലാ സീറ്റ് ജോസ് കെ മാണിക്കെങ്കില്‍ മുന്നണി വിടും’ – എൻസിപി നിർണ്ണായക യോഗം ഇന്ന്
കസ്റ്റംസ് പിടികൂടിയ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധനാഫലത്തിന് ഒരു മാസം മുൻപ് അപേക്ഷ നൽകിയിട്ടും ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. അന്വേഷണം 90 ദിവസം പിന്നിട്ടിട്ടും തെളിവുകൾ കണ്ടെത്തുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യത്തിനു ശ്രമിക്കുന്നതിനാലാണ് അന്വേഷണ സംഘം ഈ വാദം ഉന്നയിച്ചത്.
Post Your Comments