Latest NewsIndiaNews

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സിപിഐ, സിപിഐ (എംഎല്‍)

ഗുവാഹത്തി: അസമിലെ ഭരണപക്ഷമായ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്. ഇതിനു മുന്നോടിയായി രണ്ട് ഇടതുപക്ഷ പാര്‍ട്ടികളായ സിപിഐ, സിപിഐ (എംഎല്‍) എന്നിവരുമായി കൈകോര്‍ത്തതായി അസമില്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് വ്യക്തമാക്കി. അടുത്ത വര്‍ഷം ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുന്നെ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിച്ച് വന്‍ ശക്തിയാകാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.

എല്ലാ ഇടതുപാര്‍ട്ടികളും ഒരുമിച്ച് വോട്ടെടുപ്പില്‍ മത്സരിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് സിപിഐ, സിപിഐ (എംഎല്‍) പാര്‍ട്ടികളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് സ്റ്റേറ്റ് യൂണിറ്റ് പ്രസിഡന്റ് റിപ്പുന്‍ ബോറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ പോരാടുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഒക്ടോബര്‍ എട്ടിന് സിപിഐയുമായി കൂടിക്കാഴ്ച നടത്തി. ”അസമിനും ആസാമികള്‍ക്കും ഇന്ന് ഏറ്റവും വലിയ ഭീഷണിയാണ് ബിജെപി. സാമുദായികവും അഴിമതി നിറഞ്ഞതുമായ ഭരണത്തെ പരാജയപ്പെടുത്താന്‍ എല്ലാ ബിജെപി വിരുദ്ധ ശക്തികളെയും ഒന്നിപ്പിക്കുകയാണ് ഈ സമയത്തിന്റെ ആവശ്യം,” ബോറ പറഞ്ഞു.

യോഗത്തില്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായ ദെബബ്രത സൈകിയ, കോണ്‍ഗ്രസിന്റെ രാകിബുല്‍ ഹുസൈന്‍, സിപിഐ സംസ്ഥാന സെക്രട്ടറി മുനിന്‍ മഹന്ത, സിപിഐ (എംഎല്‍) അസം യൂണിറ്റ് സെക്രട്ടറി റുബുല്‍ ശര്‍മ്മ, മൂന്ന് പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) മഹാസഖ്യത്തില്‍ അംഗമാകാന്‍ ഇതിനകം സമ്മതിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും എ.ഐ.യു.ഡി.എഫിന്റെയും പിന്തുണയുള്ള രാജ്യസഭാ അംഗം അജിത് കുമാര്‍ ഭൂയാന്‍ അവതരിപ്പിച്ച പുതിയ പ്രാദേശിക സ്ഥാപനമായ ‘അഞ്ചാലിക് ഗണ മോര്‍ച്ച’ (എ.ജി.എം) പ്രതിപക്ഷ ഗ്രൂപ്പിംഗില്‍ അംഗമാകാന്‍ സമ്മതിച്ചിട്ടുണ്ട്.

126 അംഗ അസം അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ആണ് നടക്കുക. 2016 ലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നിലവിലെ സഭയില്‍ 60 എംഎല്‍എമാരുള്ള ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ബിജെപി, സഖ്യകക്ഷികളായ അസോം ഗണ പരിഷത്ത് (എജിപി), ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) എന്നിവയ്ക്ക് യഥാക്രമം 14 ഉം 12 ഉം സീറ്റുണ്ട്. ഭരണ സഖ്യത്തിന് ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയുമുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിന് 23 എംഎല്‍എമാരാണ് ഉള്ളത്. എ.ഐ.യു.ഡി.എഫിന് 14 അംഗങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button