തൃശൂർ: കാറിൽ മാരക മയക്കുമരുന്നുമായി രണ്ടുപേരെ കുതിരാനിൽ എക്സൈസ് ഇന്റലിജൻസും സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് പിടികൂടി. പെരുമ്പാവൂർ വെങ്ങോല കൊപ്പറമ്പിൽ അൻഷാദ്(27), പെരുമ്പാവൂർ മുടിക്കൽ കുടുമ്പത്തുകുടി സിൻഷാദ് (25) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരിമരുന്നായ മെത്തലീൻ ഡയോക്സി മെത്താംഫിറ്റമിൻ പിടികൂടി.
Read Also: ലോകത്ത് 3.83 കോടി കോവിഡ് ബാധിതർ; 11 ലക്ഷത്തിലേക്ക് അടുത്ത് മരണ സംഖ്യ
ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് തൃശൂർ, പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നവരാണ് പിടിയിലായത്. ആഡംബര കാറിൽ വൻതോതിൽ ലഹരിമരുന്ന് കടത്തുന്നതായി മധ്യമേഖലാ ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഒരു മാസത്തോളം അന്വേഷണവും നിരീക്ഷണവും നടത്തിയാണ് പ്രതികളെ പിടികൂടിയത്.
പരിശോധന ഒഴിവാക്കാൻ ഡോക്ടറുടെ എംബ്ലം പതിപ്പിച്ച ആഡംബര വാഹനത്തിലാണ് ലഹരിമരുന്ന് കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ ശ്രമിച്ച എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതികളെ അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. വാഹനത്തിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ഏറെ നേരത്തെ പരിശോധനയ്ക്ക് ശേഷമാണ് എക്‌സൈസിന് കണ്ടെടുക്കാനായത്.
ബംഗളൂരുവിൽ നിന്ന് കടത്തി കൊണ്ടുവന്ന മയക്കുമരുന്ന് ഡി ജെ, റേവ് പാർട്ടികളിൽ ഉപയോഗിക്കുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്. സമീപകാലത്ത് സിനിമ -സീരിയൽ മേഖലയിൽ ഇത്തരം മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് എക്‌സൈസ് ഇവയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികളുടെ സിനിമാ- സീരിയൽ ബന്ധങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണവും എക്സൈസ് നടത്തിവരുന്നുണ്ട്.
എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ്‌കുമാർ, സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ഇന്റലിജൻസ് ഓഫീസർ മാരായ കെ മണികണ്ഠൻ, ഷിബു. കെ.എസ്, സതീഷ് ഒ.എസ്, ഷഫീക്. ടി.എ, മോഹനൻ ടി.ജി, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജീൻസൈമൺ, പ്രിവന്റീവ് ഓഫീസർ അബ്ദഗലി, സിവിൽ എക്‌സൈസ് ഓഫീസർ ശിവൻ, ഡ്രൈവർ റഫീഖ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Post Your Comments