തിരുവനന്തപുരം : യൂട്യൂബിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വിഡീയോ പ്രചരിപ്പിച്ച വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം. ഉപാധികളോടെ, 25,000 രൂപയുടെ ബോണ്ടിൽ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് കോടതി കർശന നിർദേശം നൽകി. സൈനികരുടെ കുടുംബങ്ങളെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതിൽ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഭാഗ്യലക്ഷ്മിയ്ക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിജയ് പി. നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹർജിയിൽ പറയുന്നു. വിജയ് പി നായർ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. ഇയാളുടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പോലീസിന് കൈമാറിയിരുന്നു. മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ട് പോയത്. കേസിൽ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങൾക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഹർജിയിൽ ആവശ്യപ്പെടുന്നു.
Post Your Comments