ആണത്തമുള്ളവൻ ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് സമൂഹം ഒരു ധാരണ തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട്. എന്നാൽ പി ജി എൻട്രൻസിനു തയ്യാറെടുക്കുമ്പോൾ ഒരു വർഷം മുഴുവൻ പണിയെടുത്തു ഭർത്താവിനെ നോക്കിയ ഭാര്യയുടെ, അടുക്കള പണികളിൽ ഇഷ്ടം കാണുന്നൊരു ഭർത്താവിന്റെ കഥയുമായി യുവാവ് എത്തിയിരിക്കുകയാണ്.
പരമ്പരാഗതമായി നമ്മുടെ സമൂഹം ഒരു ഭർത്താവിനു കൽപ്പിച്ചു നൽകിയ ‘മാസ്ക്യുലിൻ’ സ്വഭാവവിശേഷങ്ങളൊന്നുമില്ലാത്തയാളാണ് താനെന്നും എന്നാൽഭാര്യ ആരുടെ മുഖത്തു നോക്കിയും കാര്യം പറയാൻ ചങ്കൂറ്റമുള്ളയാളും. ദേഷ്യം വന്നാൽ ഒന്നാന്തരം തീപ്പൊരി. ശരിക്കും അവളാണെന്റെ റോക്ക്. അവളുടെ നെഞ്ചത്തു തലവച്ച്, ദേഹത്തു കാലും കയറ്റി വച്ചു കിടക്കുമ്പോഴുള്ള സുരക്ഷിതത്വം വേറെ ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ലെന്നും ജുവൽ എന്ന യുവാവ് പറയുന്നു.
കുറിപ്പ് വായിക്കാം……..
പരമ്പരാഗതമായി നമ്മുടെ സമൂഹം ഒരു ഭർത്താവിനു കൽപ്പിച്ചു നൽകിയ ‘മാസ്ക്യുലിൻ’ സ്വഭാവവിശേഷങ്ങളൊന്നുമില്ലാത്തയാളാണ് ഞാൻ.
ഒന്നാമത് ഞാൻ വളരെ വൾനറബിളാണ്. ചെറിയ കാര്യങ്ങൾക്കു പോലും വല്ലാതെ ടെൻഷനടിക്കും. പെട്ടന്നു കരച്ചിലൊക്കെ വരും. ഒരു ക്രൈസിസ് അഭിമുഖീകരിക്കുന്നതിൽ പൊതുവേ പിന്നാക്കം. ഭാര്യ നേരെ തിരിച്ചാണ്. ഒരുവിധം പ്രശനങ്ങളിലൊക്കെ ഉരുക്കു പോലെ നിന്നുകളയും. കരയുന്നതൊക്കെ അപൂർവമായേ കണ്ടിട്ടുളളൂ. (സിനിമ കാണുമ്പോളൊഴിച്ച്!)
വീട്ടിലാണെങ്കിൽ അല്പസ്വല്പം വയറിങ്, പ്ലമ്പിങ്, മറ്റ് അറ്റകുറ്റപ്പണികൾ ഇതിലൊക്കെ അവൾ ഉസ്താദാണ്. ഞാൻ ഒരു ആണിയടിച്ചാൽ പോലും ആ പ്രദേശം മുഴുവൻ വൃത്തികേടാവും. ടൂൾസ് എടുത്തു കൊടുക്കൽ, സ്റ്റൂൾ പിടിച്ചു കൊടുക്കൽ ഇതൊക്കെയാണ് എന്റെ പണി. കൂടുതൽ കായബലം വേണ്ട കാര്യങ്ങളിൽ മാത്രമാണ് ഞാൻ മുന്നിൽ നിൽക്കേണ്ടത്.
നാട്ടിലെത്തിയാൽ അവളുടെ വക പറമ്പിൽ ഒരു റെയ്ഡുണ്ട്. കാട്ടിലും മുള്ളിലുമൊക്കെ ചാടി മറിഞ്ഞ് എന്തെങ്കിലുമൊക്കെ പെറുക്കിക്കൊണ്ട് വരും. എനിക്കാണെങ്കിൽ പറമ്പിൽ ഇറങ്ങാനേ ഇഷ്ടമല്ല. വല്ല പാമ്പുമുണ്ടെങ്കിലോ?
എന്റെ സാമ്രാജ്യം അടുക്കളയാണ്. അടുക്കളയുടെ മണമാണെനിക്ക് മിക്കപ്പൊഴും.
പാചകം ചെയ്യുന്നത് ധ്യാനം പോലെ റിലാക്സിങ്ങാണെനിക്ക്. അവളാണെങ്കിൽ വേറെ നിവൃത്തിയില്ലെങ്കിലേ പാചകം ചെയ്യാറുള്ളൂ.
ഭാര്യയെ ‘ആണത്തത്തിന്റെ’ നിഴലിൽ സംരക്ഷിച്ചു നിർത്തുന്ന സിനിമ സ്റ്റൈൽ ഭർത്താവുമല്ല ഞാൻ. ഒരാളോട് കടുപ്പിച്ചെന്തെങ്കിലും പറയാനെനിക്കു വലിയ ബുദ്ധിമുട്ടാണ്. അവളാണെങ്കിൽ ആരുടെ മുഖത്തു നോക്കിയും കാര്യം പറയാൻ ചങ്കൂറ്റമുള്ളയാളും. ദേഷ്യം വന്നാൽ ഒന്നാന്തരം തീപ്പൊരി.
ശരിക്കും അവളാണെന്റെ റോക്ക്. അവളുടെ നെഞ്ചത്തു തലവച്ച്, ദേഹത്തു കാലും കയറ്റി വച്ചു കിടക്കുമ്പോഴുള്ള സുരക്ഷിതത്വം വേറെ ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല.
നീ ‘ഭർത്താവാണോ അതോ ഭാര്യയാണോ ‘ എന്നു പലരും ചോദിച്ചിട്ടുണ്ട്. ഇതുവരെ ഒരു തരി പോലും വിഷമം തോന്നിയിട്ടില്ല, ‘ആരായാൽ നിങ്ങക്കെന്താ’ എന്നാരോടും തിരിച്ചു ചോദിക്കാത്തതിലല്ലാതെ.
പി ജി എൻട്രൻസിനു തയ്യാറെടുക്കുമ്പോൾ ഒരു വർഷം മുഴുവൻ അവളാണെന്നെ പണിയെടുത്തു പോറ്റിയത്. പി ജി കിട്ടാത്തതിന്റെ ഫ്രസ്‌ട്രേഷനല്ലാതെ, ഒരിക്കൽ പോലും ഭാര്യയുടെ ചിലവിൽ കഴിയുന്നതിൽ നാണക്കേടു തോന്നിയിട്ടില്ല.
ഉപദേശമൊന്നുമല്ല, എന്നാലും ‘പെൺകോന്തന്മാരായ’ ഭർത്താക്കന്മാരോടും ‘മീശയുള്ള’ ഭാര്യമാരോടും പറയട്ടെ. ചക്കരകളേ, നിങ്ങളൊരു ടീമാണ്. അതിൽ നിങ്ങളെന്തു റോളെടുക്കുന്നു, എന്തൊക്കെ ജോലികൾ ചെയ്യുന്നു എന്നൊക്കെ തീരുമാനിക്കേണ്ടത് നിങ്ങളാണ്. പുറത്തിരുന്നു കമന്ററി പറയുന്നവരല്ല. നിങ്ങൾ സന്തോഷമായിരിക്കണം, ടീം ജയിക്കണം. അത്രേ ഉളളൂ.
പരസ്പരം താങ്ങാവുക, കമ്പ്ലീറ്റ് ചെയ്യുക. മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ കേട്ടിട്ടില്ലേ? അതുപോലെ.
അപ്പൊ കാറ്റും മഴയും ഒരുമിച്ചു വന്നാൽ എന്തു ചെയ്യുമെന്നല്ലേ? ദേഹത്തിരിക്കുന്ന മണ്ണാങ്കട്ടയെ കരിയില വട്ടം ചുറ്റി, കെട്ടിപ്പിടിക്കും.
പിന്നല്ല!
Post Your Comments