ന്യൂഡല്‍ഹി: എന്‍.ഐ.എ. നേരിട്ട് എടുത്തതോ സംസ്‌ഥാന അന്വേഷണ ഏജന്‍സികള്‍ രജിസ്‌റ്റര്‍ ചെയ്‌തതോ ആയ യു.എ.പി.എ. കേസുകളെല്ലാം എന്‍.ഐ.എ നിയമത്തിനു കീഴില്‍ രൂപീകരിച്ച പ്രത്യേക കോടതിയില്‍ വേണം വിചാരണ നടത്താനെന്ന് സുപ്രീം കോടതി. ജസ്‌റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഈ നിര്‍ദേശം. കൊലക്കേസില്‍ പ്രതിയായ ബിക്രംജിത് സിങ് എന്നയാള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യു.എ.പി.എ. ഉള്‍പ്പെടെ ചുമത്തപ്പെട്ട ഇയാളെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തിരുന്നു. 90 ദിവസത്തെ കസ്‌റ്റഡി പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഇയാള്‍ സ്വാഭാവിക ജാമ്യത്തിനായി അപേക്ഷ നല്‍കി.എന്നാല്‍, സി.ആര്‍.പി.സി 167 വകുപ്പ് പ്രകാരം കസ്‌റ്റഡി കാലയളവ് 180 ദിവസമായി നീട്ടിയിരുന്നെന്നു കാട്ടി സബ്‌ഡിവിഷനല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജാമ്യം നിരസിച്ചു.
യു.എ.പി.എ. നിയമഭേദഗതി പരിഗണിച്ചായിരുന്നു ഇത്. തുടര്‍ന്ന് കേസ് പ്രത്യേക കോടതിക്കു മുന്നിലെത്തി. 180 ദിവസമായി സമയം നീട്ടിനല്‍കാന്‍ തങ്ങള്‍ക്കേ അധികാരമുള്ളൂവെന്നായിരുന്നു പ്രത്യേക കോടതിയുടെ വിധി. ജാമ്യം അനുവദിച്ചതുമില്ല.പിന്നീട് കേസ് പരിഗണിച്ച പഞ്ചാബ്- ഹരിയാന ഹൈക്കോടതി പ്രത്യേക കോടതി വിധി തള്ളി. കുറ്റപത്രം സമര്‍പ്പിക്കാനുള്ള സ്വാഭാവിക കാലയളവ് 180 ദിവസമാക്കി നല്‍കാന്‍ പ്രത്യേക കോടതിക്കേ അധികാരമുള്ളൂ എന്നു ചൂണ്ടിക്കാട്ടിയാണ് ബെഞ്ചിന്റെ നിരീക്ഷണം.
read also: സ്‌കൂള്‍ അടച്ചിടല്‍ മൂലം ഇന്ത്യക്ക് 30 ലക്ഷം കോടിയുടെ നഷ്‌ടമുണ്ടാകുമെന്ന് ലോകബാങ്ക്
അതേസമയം, കേന്ദ്രസര്‍ക്കാരോ സംസ്‌ഥാന സര്‍ക്കാരോ പ്രത്യേക കോടതിക്കായി വിജ്‌ഞാപനം ഇറക്കിയിട്ടില്ലാത്തപക്ഷം സെഷന്‍സ് കോടതിക്ക് ഇവ പരിഗണിക്കാമെന്നാണ് ജസ്‌റ്റിസുമാരായ നവീന്‍ സിന്‍ഹ, കെ.എം. ജോസഫ് എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം.സംസ്‌ഥാന പോലീസ് അന്വേഷിക്കുന്ന കേസാണെങ്കില്‍ മജിസ്‌ട്രേറ്റിന് സി.ആര്‍.പി.സി 167(2), യു.എ.പി.എ. നിയമത്തിന്റെ 43 (എ) വകുപ്പുകള്‍ പ്രകാരം റിമാന്‍ഡ് കാലയളവ് 180 ദിവസമായി നീട്ടാമെന്നായിരുന്നു ഹൈക്കോടതിവിധി.
എന്‍.ഐ.എ. അന്വേഷിക്കുന്ന കേസുകളില്‍ പ്രത്യേക കോടതിക്കേ ഇതിന് അധികാരമുള്ളൂവെന്നും ഹൈക്കോടതി വിധിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Post Your Comments