തിരുവനന്തപുരം: ഹിമാചലി ഗാനംപാടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ തിരുമല സ്വദേശി എസ്.എസ്. ദേവികയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ ക്ഷണിച്ചുവരുത്തി അഭിനന്ദിച്ചു. ദേവികയുടെ ‘ചംപാ കിത്തനി ദൂർ ‘ എന്ന ഹിമാചൽ ഗാനം നേരിട്ട് ആസ്വദിച്ച ഗവര്‍ണറും ഭാര്യയും ഉപഹാരങ്ങളും നല്‍കിയാണ് ഈ കുഞ്ഞു ഗായികയെ മടക്കിയയച്ചത്.
പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് തിരുമല ശാന്തിനഗർ ദേവമിത്രത്തിൽ സംഗീതയുടെ മകൾ എസ് എസ് ദേവിക. ‘എക ഭാരതം ശ്രേഷ്ഠ ഭാരതം’ പരിപാടിയുടെ ഭാഗമായി ദേവിക ഹിമാചൽ നാടോടി ഗാനം പാടി അയച്ചു കൊടുക്കുകയായിരുന്നു. സ്കൂൾ അധികൃതർ വീഡിയോ ഫേയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു.
രണ്ടര മിനിട്ടുള്ള വീഡിയോ പതിയെ വൈറലായി. ഹിമാചൽ പ്രദേശ് ഗായകൻ താക്കൂർ ദാസ് രതി ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തതോടെയാണ് രാജ്യം മുഴുവൻ ദേവികയുടെ പാട്ട് ശ്രവിച്ചത്. പിന്നാലെ നിരവധി പേർ ആശംസകൾ അറിയിച്ച് രംഗത്തെത്തി.
പാട്ട് ശ്രവിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ദേവികയ്ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു.‘ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം ഏക ഭാരതം, ശ്രേഷ്ഠ ഭാരതത്തിന്റെ അന്തഃസത്ത ശക്തിപ്പെടുത്തുന്നു’ – പ്രധാനമന്ത്രി തന്റെ ട്വിറ്ററിൽ മലയാളത്തിൽ കുറിച്ചതിങ്ങനെ.
Post Your Comments