കൊച്ചി: സംസ്ഥാനത്തെ വിവാദ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് (ഒക്‌ടോബർ-12) എന്‍ ഐ എ കോടതി പരിഗണിക്കും. പ്രതി സന്ദീപ് നായര്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് എന്‍ ഐ എ കോടതിയില്‍ ഹാജരക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും കോടതി തീരുമാനം എടുക്കുക. എന്നാൽ പ്രതികൾക്കെതിരെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം അനുവദിക്കുമെന്ന് എന്‍ ഐ എയോട് കോടതി വ്യക്തമാക്കിയിരുന്നു. കസ്റ്റംസ് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. നേരത്തെ സ്വപ്നയുടെ ഈ ആവശ്യം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സ്പീക്കപ്പ് കേരള സമരപരമ്പരകളുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തുടനീളം സത്യാഗ്രഹ സമരം സംഘടിപ്പിക്കും. ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സത്യാഗ്രഹം നടത്തുക. സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലായി 420 കേന്ദ്രങ്ങളില്‍ സത്യാഗ്രഹം സംഘടിപ്പിക്കും.
Post Your Comments