Latest NewsNewsIndia

വിശ്വാസം തെളിയിക്കാന്‍ ഉത്സവാഘോഷങ്ങളില്‍ കൂട്ടം ചേരണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല: കേരളത്തെ ഉദാഹരണമാക്കി ആരോഗ്യമന്ത്രി

നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ഉത്സവങ്ങള്‍ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗ രേഖയും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സഹചര്യത്തിൽ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍. ഉത്സവ ചടങ്ങുകളോട് അനുബന്ധിച്ച്‌ ആളുകള്‍ കൂട്ടം കൂടുന്നത് കോവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്ന് ആശങ്ക വ്യക്തമാക്കിയാണ് മന്ത്രിയുടെ പ്രതികരണം. പ്രതിവാര പരിപാടിയായ ‘സണ്‍ഡേ സംവാദില്‍’ സംസാരിക്കവെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള ആഘോഷങ്ങള്‍ പലയിടത്തും രോഗവ്യാപനം വര്‍ധിപ്പിച്ചെന്ന കാര്യം ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

‘നമ്മുടെ വിശ്വാസം തെളിയിക്കാന്‍ ഉത്സവങ്ങള്‍ വലിയ ആഢംബരമായും ധാരാളം ആളുകള്‍ ഒത്തുകൂടിയും നടത്തണമെന്ന് ഒരു ദൈവവും ഒരു മതവും ആവശ്യപ്പെടുന്നില്ല. ഉത്സവച്ചടങ്ങുകള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം ഇറക്കിയിട്ടുണ്ടെങ്കില്‍ പോലും ഇതില്‍ വീഴ്ചയുണ്ടാകുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. രോഗവ്യാപനം കുത്തനെ ഉയരുന്നതിനാണ് ഈ വീഴ്ചകള്‍ കാരണമാകുന്നത്’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

Read Also: ഐപിഎല്ലിലെ മോശം പ്രകടനം: ധോണിയുടെ മകള്‍ക്ക് വധ ഭീഷണി; സുരക്ഷ ഉറപ്പാക്കി ജാര്‍ഖണ്ഡ് പോലീസ്

എന്നാൽ ഇതിന് ഉദാഹരണമായി അദ്ദേഹം എടുത്തു പറഞ്ഞത് കേരളത്തെയാണ്. ‘കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്. നിലവിലെ സജീവ കേസുകളില്‍ 60% കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗസ്റ്റ് 22 നും സെപ്റ്റംബര്‍ 2നും ഇടയിലായി നടന്ന ഓണാഘോഷച്ചടങ്ങുകളാണ് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്’ എന്നായിരുന്നു വാക്കുകള്‍

കേരളത്തെ കൂടാതെ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരമൊരു സാഹചര്യം തന്നെയാണ്. തെലങ്കാനയിലെ 50-60% കോവിഡ് കേസുകള്‍ ആഗസ്റ്റില്‍ നടന്ന ചില ഉത്സവ ആഘോഷങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഗണേശ് ചതുര്‍ഥി, ഓണം തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷിച്ച സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളിലും മരണങ്ങളിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഒക്ടോബറിലെ ദുര്‍ഗപൂജ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വേണ്ട നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ പശ്ചിമ ബംഗാളിലും ഇത്തരത്തില്‍ രോഗവ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും മന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ഉത്സവങ്ങള്‍ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗ രേഖയും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button