തിരുവനന്തപുരം∙ കേരളത്തിലെ ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ തിങ്കളാഴ്ച തുറക്കും. കോവിഡ് പ്രോട്ടോകോൾ നിർബന്ധം. ബീച്ചുകൾ നവംബർ1 മുതൽ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ 7 ദിവസം വരെയുള്ള സന്ദർശനത്തിന് ക്വാറന്റീൻ നിർബന്ധമില്ല. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കിൽ, ടൂറിസ്റ്റുകൾ സ്വന്തം ചെലവിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. 7 ദിവസത്തിൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുകയോ, കേരളത്തിൽ എത്തിയാൽ ഉടൻ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അതല്ലെങ്കിൽ ആ സഞ്ചാരികൾ 7 ദിവസം ക്വാറന്റീനിൽ പോകേണ്ടിവരും.
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിന് തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു. ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്‍കി.
കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് 19 ഭീഷണിക്കിടയിലും രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ടൂറിസം മേഖല നേരത്തെ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന രീതിയാണ് കേരളത്തില്‍ അവലംബിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Post Your Comments