കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താന്‍ മൊഴിമാറ്റിയിട്ടില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബു. പൊലീസിന് നൽകിയ മൊഴിയിൽ അവർ രേഖപ്പെടുത്തിയതിൽ പലതും താൻ പറയാത്തത് ഉണ്ടായിരുന്നു വെന്നും പൊലീസ് പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ തിരുത്തിയതാണെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ പങ്കു വച്ചു.
”ആരാണ് മൊഴി മാറ്റിയെന്ന് പറയുന്നത്. എനിക്ക് മനസിലായിട്ടില്ല. കാരണം ഞാന്‍ കൊടുത്ത മൊഴി എനിക്കല്ലേ അറിയൂ. കോടതി രണ്ടാമത് നമ്മളെ വിളിക്കുന്നത് പൊലീസ് എഴുതിവെച്ചത് പൂര്‍ണമായും ശരിയല്ല എന്നത് കൊണ്ടല്ലേ? പ്രത്യേകിച്ച് ഞാന്‍ കൊടുത്ത മൊഴിയില്‍ ഞാന്‍ ഒപ്പിട്ട് കൊടുത്തിട്ടില്ല. ഞാന്‍ ചോദിച്ചതാണ്, ഒപ്പിടണോ എന്ന്?. ഒപ്പിടേണ്ട എന്ന് അവര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞത്, കുറെയൊക്കെ ഉണ്ട്, കുറെയൊക്കെ ഇല്ല. അവര്‍ക്ക് ആവശ്യമുളള ഭാഗങ്ങള്‍ അവര്‍ എടുത്തിട്ടുണ്ട്. ഇതാണ് അതിലുളളത്.
പിന്നെ കോടതി എന്നോട് ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാല്‍ പോരെ, ഞാന്‍. കോടതി എന്നോട് രണ്ട് മൂന്ന് കാര്യങ്ങള്‍ ചോദിച്ചു. എന്തെങ്കിലും രേഖകള്‍ സൂക്ഷിക്കുന്നുണ്ടോ?, രേഖാപരമായി കംപ്ലെയിന്റ് ചെയ്തിട്ടുണ്ടോ?, ഇല്ല. ചോദിക്കാത്ത ചോദ്യത്തിന് അങ്ങോട്ട് ഞാന്‍ കേറി ഉത്തരം പറയണോ? പിന്നെ വ്യക്തിപരമായ പല കാര്യങ്ങളും ഞങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. ഇത് മുഴുവന്‍ എനിക്ക് കോടതിയില്‍ പറയാന്‍ പറ്റുമോ?
നടിക്ക് അവസരങ്ങള്‍ നിഷേധിക്കാന്‍ ദിലീപ് കാരണമായോ എന്ന ചോദ്യത്തിന് രേഖാമൂലമായ പരാതി എനിക്ക് ലഭിച്ചിട്ടില്ല. അതാണ് കോടതിയിലും ഇപ്പോഴും തന്റെ സ്റ്റാന്‍ഡ് എന്നാണ് ഇടവേള ബാബുവിന്റെ മറുപടി. അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ട് എന്നത് വാക്കാല്‍ പറഞ്ഞോ എന്ന് ചോദിച്ചപ്പോള്‍ അതും അതിന് അപ്പുറത്തുളളതുമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. ആ വാക്ക് അല്ലായിരിക്കാം ഉപയോഗിച്ചത്. അതെല്ലാം എനിക്ക് കോടതിയില്‍ പറയാന്‍ പറ്റുമോ?
ഞങ്ങള്‍ തമ്മില്‍ സംസാരിച്ച കാര്യം നാട്ടുകാര്‍ക്ക് എങ്ങനെയാണ് അറിയാന്‍ സാധിക്കുക. ഞാന്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് എഴുതി വെച്ചത്. ഞാന്‍ പറയാത്ത ഒരുപാട് കാര്യങ്ങളാണ് എഴുതി വെച്ചത്. ഞാന്‍ പറഞ്ഞ പല കാര്യങ്ങളും എഴുതിയിട്ടില്ല, ഇതാണ് ഞാന്‍ കോടതിയില്‍ വാദിച്ചത്. പൊലീസിന് ഞാന്‍ കൊടുത്ത സ്റ്റേറ്റ്മെന്റാണ് എഴുതിവെച്ചതെന്ന് എങ്ങനെ പറയാന്‍ കഴിയും?. പൊലീസ് മൊഴി വായിച്ച് കേള്‍പ്പിച്ചില്ല. എന്റെ മുന്നില്‍ എഴുതിയിട്ട് പോലുമില്ല. ഞാന്‍ അറിയുന്ന ദിലീപ് അത് ചെയ്യില്ല, എനിക്ക് അത്രയേ പറയാന്‍ കഴിയൂ.” ഇടവേള ബാബു പറഞ്ഞു.
Post Your Comments