ഷാര്‍ജ: രോഗനിര്‍ണയം നടത്താതെ യുവാക്കള്‍ക്ക് മയക്കുമരുന്നുകള്‍ നിര്‍ദേശിക്കുകയും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത സൈക്യാട്രിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഷാർജയിൽ. തുടർന്ന് ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം ഇയാളുടെ ലൈസന്‍സ് റദ്ദാക്കുകയും മെഡിക്കല്‍ പ്രഫഷനലുകളുടെ ധാര്‍മികതയെയും നിയമങ്ങളെയും ലംഘിച്ചതിന് രാജ്യത്തെ മെഡിക്കല്‍ രജിസ്ട്രിയില്‍നിന്ന് യോഗ്യതപത്രങ്ങള്‍ നീക്കുകയും ചെയ്തു. 20 മുതല്‍ 30 വയസ്സ് വരെയുള്ള നിരവധി ചെറുപ്പക്കാര്‍ ഷാര്‍ജയിലെ സൈക്യാട്രിക് ക്ലിനിക് പതിവായി സന്ദര്‍ശിക്കാറുണ്ടെന്ന് ഷാര്‍ജ പോലീസിലെ മയക്കുമരുന്ന് നിയന്ത്രണ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രാലയത്തില്‍നിന്നും ഷാര്‍ജ പോലീസില്‍നിന്നും ഒരു സംഘം രൂപവത്കരിച്ചു.
Read Also: പരംജിത്ത് സിംഗിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വിട്ടയയ്ക്കാന് കോടതി ഉത്തരവ്
അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരാളെ ക്ലിനിക്കിലേക്ക് അയച്ചു. സൈക്കോട്രോപിക് മരുന്നുകള്‍ നിര്‍ദേശിക്കാന്‍ ഡോക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടര്‍ അഭ്യര്‍ഥന സ്വീകരിക്കുകയും മരുന്നുകള്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇത്തരമൊരു നാടകീയ സംഭവങ്ങൾക്കൊടുവിലാണ് സൈക്യാട്രിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. രോഗിക്ക് അത്തരം മരുന്നുകള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്താന്‍ ഡോക്ടര്‍ രോഗനിര്‍ണയം നടത്തിയിട്ടില്ല എന്നതിന്റെ നിര്‍ണായക തെളിവാണ് ഇതെന്ന് അന്വേഷണസംഘം പറഞ്ഞു.
സ്വകാര്യ ആരോഗ്യ സൗകര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും പരിശോധിക്കുന്നതിനുമായി പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലെ പൊതു മെഡിക്കല്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സംസ്ഥാനവുമായി ബന്ധപ്പെട്ട ആരോഗ്യ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനുമായി മന്ത്രാലയം പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ അശ്രദ്ധമായും മെഡിക്കല്‍ കാരണങ്ങളില്ലാതെയും നിര്‍ദേശിക്കുന്നത് നിയമങ്ങള്‍ക്ക് എതിരാണെന്നും ഇത് യുവാക്കളെ മയക്കുമരുന്ന് ആസക്തിയിലേക്ക് നയിക്കുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 80011111 എന്ന നമ്ബറിലോ tawasol@moh.gov.ae എന്ന ഇ-മെയില്‍ വഴിയോ മറ്റ് സര്‍ക്കാര്‍ ആരോഗ്യ അധികാരികളുമായോ പൊലീസ് സ്റ്റേഷനുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments