ചെന്നൈ: തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാതിവിവേചനമെന്ന് പരാതി. കൂടല്ലൂരിലാണ് സംഭവം. ദളിത് നേതാവും കൂടല്ലൂരിലുള്ള തേര്‍ക്കുതിട്ടൈ പഞ്ചായത്ത് പ്രസിഡന്റുമായ രാജേശ്വരിക്കു നേരെയാണ് ജാതിവിവേചനമുണ്ടായത്.
പഞ്ചായത്ത് യോഗങ്ങളില്‍ കസേരയില്‍ ഇരിക്കാന്‍ മറ്റ് അംഗങ്ങള്‍ തന്നെ അനുവദിക്കില്ലെന്ന് രാജേശ്വരി ആരോപിക്കുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് രാജേശ്വരിയോട് തറയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടത്.
ജനുവരിയിലാണ് രാജേശ്വരിയെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. വണ്ണിയാര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണിത്. ഏകദേശം 500 ഓളം വണ്ണിയാര്‍ കുടുംബങ്ങളാണ് തേര്‍ക്കുത്തിട്ടൈയിലുള്ളത്. പട്ടിക ജാതി സമുദായത്തിലെ 100 കുടുംബങ്ങള്‍ മാത്രമേ ഈ പഞ്ചായത്തിലുള്ളു.
പഞ്ചായത്ത് പ്രസിഡന്റ് നിലത്തും അഞ്ചുപേര്‍ കസേരയിലും ഇരുന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം ചേരുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇതോടെ സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയും അധികാരികൾ രംഗത്ത് വരികയുമായിരുന്നു.
സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ മൂന്ന് പേരെ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻരാജിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തെ തുടർന്ന് സസ്പെന്റ് ചെയ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറി സിന്ധുജയെയും വാർഡ് അംഗം ആർ. സുകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
Post Your Comments