ചുവന്നു തുടുത്ത ചുണ്ടുകൾ എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന മുഖഭാഗവും ചുണ്ടാണ്. വരണ്ട, പരുപരുത്ത ചുണ്ടുകളെക്കുറിച്ചോർത്ത് എപ്പോഴെങ്കിലുമൊക്കെ നിങ്ങളും വേവലാതിപ്പെട്ടിട്ടില്ലേ. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ നേരിട്ട് അനുഭവിക്കേണ്ടി വരുന്നതുകൊണ്ടാണ് ചുണ്ടിന് ഇത്രയേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്. ചുണ്ടുകളിൽ എണ്ണ ഗ്രന്ഥികളില്ലാത്തതിനാൽ സ്വയം മോയ്സചറൈസ് ചെയ്യാനുള്ള ശേഷിയുമില്ല. അതുകൊണ്ടുതന്നെ ചുണ്ടുകളുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.
വെർജിൻ കൊക്കനട്ട് ഓയിൽ
ഫാറ്റി ആസിഡ് ധാരാളമടങ്ങിയിട്ടുള്ള വെർജിൻ കൊക്കനട്ട് ഓയിൽ ഒരു ലൂബ്രിക്കന്റ് പോലെ പ്രവർത്തിച്ച് ചുണ്ടുകൾക്ക് മൃദുത്വമേകുന്നു. കുറച്ച് വെർജിൻ കൊക്കനട്ട് ഓയിലെടുത്ത് ദിവസവും രണ്ടു നേരം ചുണ്ടിൽ മസാജ് ചെയ്യണം. രണ്ടോ മൂന്നോ സെക്കൻഡ് ഇതു തുടരാം. ഇത് പുരട്ടിയതിനു തൊട്ടു പുറകേ വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പാടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കറ്റാർവാഴ ജെൽ
ചുണ്ടുകളെ പുനരുജ്ജീവിപ്പിക്കുന്ന അമൃതാണ് കറ്റാർവാഴ ജെൽ. കറ്റാർ വാഴ ഇലകൾക്കുള്ളിലെ ജെല്ലിൽ നിറയെ വിറ്റാമിനുകൾ, മിനറൽസ്, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചുണ്ടുകളിൽ ഈർപ്പം നിലനിർത്തി മൃദുത്വമേകാൻ സഹായിക്കുന്നു. ഇവ ചുണ്ടിൽ പരീക്ഷിക്കുന്നതിന് മുൻപ് സ്വയം ഒരു അലർജി ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും. കറ്റാർവാഴ ജെല്ലിൽ കുറച്ചെടുത്ത് കൈമുട്ടിൽ പുരട്ടി ഒരു ദിവസം കാത്തിരിക്കണം. എന്തെങ്കിലും അലർജിയുണ്ടോയെന്ന് ഉറപ്പാക്കാനാണിത്. കറ്റാർവാഴയിലയ്ക്കുള്ളിൽ നിന്നെടുക്കുന്ന ജെൽ ഉപയോഗ ശേഷം കാറ്റുകയറാത്ത ഒരു പാത്രത്തിൽ അടച്ചു വച്ചാൽ പിന്നീടും ഉപയോഗിക്കാം. അലർജിയില്ലെന്ന് ഉറപ്പായാൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് കറ്റാർവാഴ ജെൽ ചുണ്ടുകളിൽ പുരട്ടാം. രാവിലെ ഉണർന്നാലുടൻ കഴുകിക്കളയാം.
തേൻ
ചുമയും തൊണ്ടവേദനയും മാറ്റാൻ മാത്രമല്ല ചുണ്ടുകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ് തേൻ. ചുണ്ടുകൾ വിണ്ടുകീറുന്നതു തടയാൻ ഒരു മോയ്സ്ചറൈസർ പോലെ പ്രവർത്തിക്കും. ഇതിൽ നിറയെ ആന്റി ഓക്സിഡന്റ്സും ആന്റി ബാക്റ്റീരിയൽ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അത് വരണ്ടുകീറിയ ചുണ്ടുകളിൽ അണുബാധയുണ്ടാകാതെ സംരക്ഷിക്കും.
പഞ്ചസാര
നല്ല തരിതരിപ്പുള്ള പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നൽകാൻ സഹായിക്കുന്നു. ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലിവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടുക. ഈ മിശ്രിതം ചുണ്ടിൽ പുരട്ടിയ ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. അൽപ സമയത്തിനുശേഷം വെള്ളമുപയോഗിച്ച് കഴുകുക. മികച്ച ഫലം ലഭിക്കാൻ ദിവസവും ഇത് ശീലമാക്കുക.
Post Your Comments