കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 3.701 കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. താമരശ്ശേരി സ്വദേശി കോരങ്ങാട് ഷാനവാസ് , കണ്ണൂർ സ്വദേശി എം വി സൈനുദ്ദീൻ എന്നിവർ ആണ് സ്വർണം കടത്താൻ ശ്രമിച്ചത്.
സ്വർണം മിശ്രിത രൂപത്തിൽ ആണ് ഇരുവരും കടത്താൻ ശ്രമിച്ചത്. 3.350 കിലോ സ്വർണമാണ് ഷാനവാസ് സോക്സിന് ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സൈനുദ്ദീൻ കാൽമുട്ടിൽ ധരിച്ച ക്യാപ്പിനുള്ളിൽ ( മുട്ടു വേദനയ്ക്ക് പരിഹാരമായി ധരിക്കുന്നത്) ആണ് സ്വർണ മിശ്രിതം ഒളിപ്പിച്ചത്. 351 ഗ്രാം ആണ് സൈനുദ്ദീൻ കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന്റെ വിപണി മൂല്യം 1.65 കോടി രൂപ വരും.
ബുധനാഴ്ചരാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എയർ അറേബ്യയുടെ ഷാർജ-കോഴിക്കോട് വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരിൽനിന്ന് 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. 2.3337 കിലോ സ്വർണമാണ് ഇവർ മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ചത്. മലദ്വാരത്തിലും അടിവസ്ത്രത്തിലുമായാണ് ഇവർ സ്വർണസംയുക്തം ഒളിപ്പിച്ചത്.
കണ്ണൂർ സ്വദേശിനി ജസീല 1.6736 കിലോ മിശ്രിത രൂപത്തിലുള്ള സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ഹസീബ് ആണ് പിടിയിൽ ആയ രണ്ടാമത്തെയാൾ. ഇയാൾ 660.1 ഗ്രാം സ്വർണ മിശ്രിതം ക്യാപ്സ്യൂൾ ആകൃതിയിൽ ഉള്ള ചെറിയ പെട്ടികളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
Post Your Comments