മോഹന്‍ലാല്‍ – ഷാജി കൈലാസ് ടീം പോലെ മലയാളത്തില്‍ ഏറെ ഹിറ്റായ കൂട്ടുകെട്ടാണ് മമ്മൂട്ടി-ഷാജി കൈലാസ് ടീം. മോഹന്‍ലാലിനും മുന്‍പേ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്ത ഷാജി കൈലാസ് ഇതേ കൂട്ടുകെട്ടില്‍ ആറ് സിനിമകള്‍ സംവിധാനം ചെയുതിട്ടുണ്ട്. ‘ദി കിംഗ്’, ‘ദി ട്രൂത്ത്’, ‘വല്യേട്ടന്‍’, ‘ദ്രോണ’, ‘ഓഗസ്റ്റ് പതിനഞ്ച്’, ‘ദി കിംഗ് ആന്‍ഡ് കമ്മീഷണര്‍’ തുടങ്ങിയവയാണ് ഷാജി കൈലാസ് – മമ്മൂട്ടി ടീമിന്‍റെതായി പുറത്തിറങ്ങിയ സിനിമകള്‍.
1995-ല്‍ മമ്മൂട്ടിയുമായി ചെയ്ത് ‘ദി കിംഗ്’ എന്ന സിനിമയാണ് ഇതേ കൂട്ടുകെട്ടില്‍ ആദ്യമെത്തുന്ന ചിത്രം. രണ്‍ജി പണിക്കര്‍ തിരക്കഥ രചിച്ച ഈ പൊളിറ്റിക്കല്‍ ആക്ഷന്‍ മൂവി ഗംഭീര വിജയം കൈവരിച്ച സിനിമയായിരുന്നു. മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിന്റെ മാര്‍ക്കറ്റ് വാല്യൂ ഉയര്‍ത്തിയ ‘ദി കിംഗ്’ കേരളത്തിലെ തിയേറ്ററുകളില്‍ ശരിക്കും ഇടിമുഴക്കം സൃഷ്ടിച്ച ചിത്രമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ‘ആറാം തമ്പുരാന്‍’ എന്ന ഹിറ്റ് സിനിമ ചെയ്ത ശേഷമായിരുന്നു ഷാജി കൈലാസ് വീണ്ടും മമ്മൂട്ടിയുമായി ഒന്നിച്ചത്. 1998-ല്‍ ‘ദി ട്രൂത്ത്’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇവര്‍ പിന്നീട് ഒന്നിച്ചത്. പക്ഷേ എസ്എന്‍ സ്വാമി രചിച്ച ചിത്രത്തിന് ‘ദി കിംഗ്’ എന്ന സിനിമയുണ്ടാക്കിയ തരംഗം നേടിയെടുക്കാനായില്ല.
രണ്ടായിരത്തിലാണ് ഷാജി കൈലാസ് – മമ്മൂട്ടി ടീം അത്ഭുത വിജയുമായി മലയാള സിനിമയിലെ ബോക്സ് ഓഫീസില്‍ അഭിമാന നേട്ടം സമ്മാനിച്ചത്. ‘വല്യേട്ടന്‍’ എന്ന രണ്ടായിരത്തിലെ ഓണച്ചിത്രത്തിന്റെ മഹാ വിജയം ഇവരുടെ തന്നെ കൂട്ടുകെട്ടിലെ ‘ദി കിംഗ്’ എന്ന സിനിമയുടെ ചരിത്ര വിജയത്തെ ഓര്‍മ്മപ്പെടുത്തി. ‘വല്യേട്ടന്‍ ‘എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം ഇതേ ടീം പിന്നീട് ഒന്നിച്ചത് പത്ത് വര്‍ഷത്തിന് ശേഷമാണ്. എകെ സാജന്റെ തിരക്കഥയില്‍ ‘ദ്രോണ’ എന്ന സിനിമ ചെയ്തു കൊണ്ടായിരുന്നു ഷാജി കൈലാസ് മമ്മൂട്ടി ടീമിന്റെ പിന്നീടുള്ള തിരിച്ചു വരവ്. പക്ഷേ ‘ദ്രോണ’ ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കാതെ പോയി. ‘ദ്രോണ’യ്ക്ക് ശേഷം ‘ഓഗസ്റ്റ് പതിനഞ്ച്’ എന്ന സിനിമ ചെയ്തു കൊണ്ട് മറ്റൊരു ഹിറ്റുണ്ടാക്കാനുള്ള ശ്രമം ഇതേ ടീം തുടര്‍ന്നെങ്കിലും അവിടെയും വിധി വിജയമായി കൂടെ നിന്നില്ല. ദി ട്രൂത്തിന് ശേഷം മമ്മൂട്ടി – എസ്എന്‍ സ്വാമി – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ‘ഓഗസ്റ്റ് പതിനഞ്ച്’ വലിയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ‘കമ്മീഷണര്‍’ എന്ന സിനിമയില്‍ സുരേഷ് ഗോപി ചെയ്ത ഭരത് ചന്ദ്രനെയും, ‘ദി കിംഗില്‍’ മമ്മൂട്ടി ചെയ്ത തേവള്ളി പറമ്പില്‍ ജോസഫ് അലക്സിനയും ഒരു സിനിമയ്ക്കുള്ളിലാക്കി മറ്റൊരു വിസ്മയ ഹിറ്റ് സൃഷ്ടിക്കാന്‍ ഷാജി കൈലാസ് ശ്രമിച്ചെങ്കിലും ആ സിനിമയും മമ്മൂട്ടി – ഷാജി കൈലാസ് ടീമിന് ഉയര്‍ച്ച നല്‍കിയില്ല.
Post Your Comments