കൊച്ചി: ഇതുവരെ നടന്നിട്ടുള്ള എല്ലാകാര്യങ്ങളിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്ക്. ശിവശങ്കറിനെതിരെ നിര്‍ണായക പരാമര്‍ശങ്ങളുമായി എന്‍ഫോഴ്‌സ്മെന്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്നയുടെ സാമ്പത്തിക ഇടപാടില്‍ ശിവശങ്കറിനും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കുറ്റപത്രത്തില്‍ സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചുളള വാട്സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ടെന്നും വ്യക്തമാക്കുന്നു.
ശിവശങ്കറും സ്വപ്നയുമായി ബന്ധം തുടങ്ങുന്നതുമുതലുളള കാര്യങ്ങള്‍ കുറ്റപത്രത്തില്‍ വിശദമായി പറയുന്നുണ്ട്. സ്വപ്നയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന അവസരങ്ങളില്‍ ശിവശങ്കര്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഇങ്ങനെ കൊടുത്ത പണമൊന്നും സ്വപ്ന മടക്കി നല്‍കിയിട്ടില്ല. സ്പേസ് പാര്‍ക്കില്‍ ജോലിക്കായി അപേക്ഷ നല്‍കുമ്‌ബോള്‍ റഫറന്‍സായി കൊടുത്തത് എം. ശിവശങ്കറിന്റെ പേരാണ് എന്നും പറയുന്നു.
ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്നയ്ക്ക് ലോക്കര്‍ തുറക്കാന്‍ സൗകര്യം ചെയ്തുകൊടുത്തതെന്ന് ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കിയിരുന്നു. ഈ ഇടപാട് സംബന്ധിച്ച് ശിവശങ്കറും വേണുഗോപാല്‍ അയ്യരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. പണം കൈമാറ്റത്തെക്കുറിച്ച് പറയുന്ന സന്ദേശങ്ങളില്‍ ചില അക്കങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ ‘സാറ’ എന്ന വ്യക്തിയെക്കുറിച്ചും പരാമര്‍ശമുണ്ട്. മുറിയില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എന്നെ വിളിക്കണം, ചില കാര്യങ്ങള്‍ പറയാനുണ്ട് എന്ന് ഈ ചാറ്റില്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ചുളള കൃത്യമായ ഉത്തരം ശിവശങ്കറില്‍ നിന്ന് ലഭിച്ചിട്ടില്ല.
പണം കൈമാറ്റത്തെക്കുറിച്ചായിരിക്കാം ഈ സന്ദേശങ്ങള്‍ എന്നാണ് കരുതുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ വിലയിരുത്തി ഇക്കാര്യങ്ങള്‍ പരിശോധിക്കും. അതിനുശേഷം ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യണമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ പ്രതികളാക്കിയാണ് ഇഡി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments