ന്യൂഡൽഹി: കറൻസി നോട്ടുകളിലൂടെ കോവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2020 മാര്‍ച്ച് 9 ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) നോട്ടുകളിലൂടെ കോവിഡ് ബാധയേല്‍ക്കുമോയെന്ന സംശയമുന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തെഴുതിയിരുന്നു. തുടർന്ന് മന്ത്രി ആര്‍ബിഐക്ക് ഈ കത്ത് കൈമാറുകയും നോട്ടുകളിലൂടെ കോവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന മറുപടി ആര്‍ബിഐ നൽകുകയുമായിരുന്നു.
ഇതോടെ കഴിയുന്നവരെല്ലാം കോവിഡ് വ്യാപനം തടയുന്നതിനായി ഇനിമുതല്‍ പേയ്‌മെന്റുകള്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് ആവശ്യപ്പെട്ട് സിഎഐടി ദേശീയ പ്രസിഡന്റ് ബി സി ഭാര്‍ത്യ, സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വള്‍ എന്നിവര്‍ രംഗത്തുവന്നു. ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നീ വഴികളിലൂടെ പേയ്‌മെന്റുകള്‍ നടത്തുന്നതായിരിക്കും ഉചിതമെന്ന് ആര്‍ബിഐയും അറിയിച്ചു.ഡിജിറ്റല്‍ പേയ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭരണകൂടം മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ആര്‍ബിഐ വ്യക്തമാക്കി.
Post Your Comments