കൊല്‍ക്കത്ത: സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തില്‍ പരിശീലനം നല്‍കി മഹിളാ മോര്‍ച്ച. പശ്ചിമബംഗാളിലാണ് സ്ത്രീകള്‍ക്ക് ഗുണകരമായ ഈ നടപടി. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. മഹിളാ മോര്‍ച്ചയുടെ ബംഗാള്‍ ഘടകമാണ് ഉമ എന്ന പേരില്‍ പരിശീലന കളരി ഒരുക്കിയിരിക്കുന്നത്.
സ്വയരക്ഷ നേടാന്‍ പര്യാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. അക്രമികളെ കായികമായി നേരിടുന്നതടക്കമുള്ള വിദ്യകളാണ് പരിശീലന കളരിയിലൂടെ പകര്‍ന്നു നല്‍കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വടക്കന്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ആദ്യ പരിശീലന കളരിയില്‍ 56 പെണ്‍കുട്ടികള്‍ പങ്കെടുത്തു.
കായികമായി അക്രമികളെ നേരിടാന്‍ പഠിപ്പിക്കുന്നതിലുപരി സ്ത്രീകളില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ പരിപാടിയിലൂടെ കഴിയുമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ അഗ്‌നിമിത്ര പോള്‍ പറഞ്ഞു. ബംഗാളിലെ 23 ജില്ലകളിലും ആഴ്ചയിലൊരിക്കല്‍ സൗജന്യമായി ഇത്തരം പരിശീലന കളരികള്‍ സംഘടിപ്പിക്കുമെന്നും അഗ്‌നിമിത്ര വ്യക്തമാക്കി. രാഷ്ട്രീയ താല്‍പര്യം നോക്കാതെ എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദളിത് വിഭാഗത്തില്‍പെട്ടവരും പ്രായപൂര്‍ത്തിയാകാത്തവരുമായ പെണ്‍കുട്ടികള്‍ അക്രമത്തിനും പീഡനത്തിനും ഇരയാകുന്ന നിരവധി കേസുകളാണ്
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മഹിളാ മോര്‍ച്ചയുടെ നീക്കം.
Post Your Comments