പനാജി: നോർത്ത് ഗോവയിലെ സാൻക്വെലിമിൽ വിവാഹിതനായ വ്യക്തിയുമായി പ്രണയത്തിലായതിന് മകളെ പിതാവ് കൊലപ്പെടുത്തി. സുനിൽകുമാർ രാജൻ എന്ന 46 കാരനാണ് തന്റെ ഇരുപതുകാരിയായ മകളെ സ്റ്റമ്പ് കൊണ്ടടിച്ച് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ഉത്തര്‍പ്രദേശ് സ്വദേശികളാണ് രാജനും കുടുംബവും ഗോവയിൽ പഴവിൽപ്പന നടത്തി വരികയാണ്. ഇവിടെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും വിളിച്ചു പറഞ്ഞ വിവരം വച്ചാണ് പൊലീസ് സംഭവം അറിയുന്നത്. ശരീരം മുഴുവൻ മർദ്ദനമേറ്റ പാടുമായി അതീവ ഗുരുതരാവസ്ഥയില്‍ ഒരു യുവതിയെ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. ഇതനുസരിച്ച് ഇവിടെയെത്തിയ പൊലീസ് യുവതിയുടെ മാതാപിതാക്കളുടെയും സഹോദരന്മാരുടെയും മൊഴി രേഖപ്പെടുത്തി.
ഇതിനിടെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത്. ‘അയൽവാസി കൂടിയായ വിവാഹിതനായ ഒരാളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു.. ഇതറിഞ്ഞ ദേഷ്യത്തിൽ പിതാവ് സ്റ്റമ്പ് കൊണ്ട് മകളെ മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് വീണ ഇരുപതുകാരിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പിതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിച്ചോലിം പോലീസ് നരഹത്യയ്ക്ക് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.
Post Your Comments