വാഷിംഗ്ടണ്‍: പാകിസ്താനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അമേരിക്ക. കൊടും ഭീകരനായ ഒസാമ ബിന്‍ലാദനെ വധിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കവെ മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും സിഐഎ മേധാവിയുമായിരുന്ന ലിയോന്‍ പനേറ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താനെ ഭീകരരുടെ വിവരങ്ങൾ അറിയിച്ചപ്പോഴെല്ലാം തന്നെ ഭീകരർ രക്ഷപ്പെട്ടിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാകിസ്താന്‍ ഭരണകൂടവും പട്ടാളവും ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നു എന്ന ഇന്ത്യയുടെ വാദത്തെ ശക്തിപ്പെടുത്തുന്ന പ്രസ്താവനയാണ് ലിയോന്‍ പനേറ്റയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. നേരത്തെ, ഇത്തരം ഭീകരരുടെ വിവരങ്ങള്‍ പാക് സര്‍ക്കാരുമായി പങ്കുവെച്ചപ്പോഴെല്ലാം ഭീകരര്‍ രക്ഷപ്പെട്ടിരുന്നുവെന്നും പനേറ്റ ചൂണ്ടിക്കാട്ടി.
അബോട്ടാബാദിലെ ബിന്‍ലാദന്റെ മാളികയെക്കുറിച്ച് പാകിസ്താനില്‍ ആര്‍ക്കും അറിയില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. ഒരു ഭാഗത്ത് 18 അടി ഉയരത്തിലും മറു ഭാഗത്ത് 12 അടി ഉയരത്തിലുമുള്ള മതിലുകളാണ് ബിന്‍ ലാദന്റെ മാളികയ്ക്ക് ഉണ്ടായിരുന്നത്. ഇവയെല്ലാം തന്നെ മുള്ളുകമ്പികളാല്‍ ബന്ധിച്ചിരുന്നു. ഈ സ്ഥലം കണ്ടെത്തിയപ്പോള്‍ തന്നെ ഇക്കാര്യം പാകിസ്താനുമായി പങ്കുവെക്കണമോയെന്ന കാര്യത്തിലാണ് തങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ബിന്‍ലാദന്റെ ഒളിത്താവളത്തെപ്പറ്റി തങ്ങള്‍ക്ക് വിവരം ലഭിച്ചെങ്കിലും ഇക്കാര്യം പാകിസ്താനെ അറിയിച്ചില്ലെന്നും അതീവരഹസ്യമായിത്തന്നെയാണ് എല്ലാം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബിന്‍ ലാദനെതിരായ ഓപ്പറേഷനെക്കുറിച്ച് പാകിസ്താന്‍ ഭരണകൂടം ഒന്നും അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ ബിന്‍ ലാദനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമായിരുന്നുവെന്നു പറഞ്ഞ പനേറ്റ, തങ്ങള്‍ക്ക് ഒറ്റയ്ക്ക് ഓപ്പറേഷന്‍ നടത്താന്‍ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments