തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായ കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുന്നതിനു പിന്തുണയുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 144 പ്രഖ്യാപിച്ചതിൽ അപാകതയില്ല. സർക്കാർ ഉത്തരവുമായി ഈ മാസം 31 വരെ സഹകരിക്കും. വീഡിയോ കോണ്ഫറൻസിംഗിലൂടെ പരിപാടികൾ നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സർക്കാർ നടപടി നിയമവിരുദ്ധമെന്ന കെ. മുരളീധരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച മുതലാണ് ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തിയത്. പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടുന്നതു നിരോധിച്ചാണ് സർക്കാർ ഉത്തരവ്. ശനിയാഴ്ച രാവിലെ ഒൻപതു മുതൽ നിയന്ത്രണം നിലവിൽ വരും. ഒക്ടോബർ 31നു രാത്രി വരെ തുടരുമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. അതേസമയം നിരോധനാജ്ഞ സംസ്ഥാനത്താകെ ഇല്ലെന്നും . ജില്ലകളിലെ സാഹചര്യം നോക്കി കളക്ടർമാർ ഉത്തരവിറക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് നാളെ മുതൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പാർക്കിലും ബീച്ചിലും അടക്കം കർശന നിയന്ത്രണം നടപ്പാക്കുമെന്നും പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടാൻ പാടില്ലയെന്നും ഡിജിപി മാധ്യമങ്ങളോട് വ്യകത്മാക്കി. തലസ്ഥാന നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ്. അതിനെ തൂടർന്ന് വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ച് വരി നിൽക്കണം. കടകളിലേക്ക് പോകുന്നവരും സാമൂഹിക അകലം പാലിക്കണം. വലിയ കടകളിൽ സാമൂഹിക അകലം പാലിച്ച് അഞ്ച് പേർക്ക് പോവാം. ജനങ്ങൾ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യർത്ഥിച്ചു.
Post Your Comments