ന്യൂഡല്‍ഹി : ബസില്‍ ഒരു ലണ്ടന്‍ യാത്രയോ ? ആശ്ചര്യപ്പെടേണ്ട. സംഭവം സത്യമാണ്. ഋഷികേശില്‍ നിന്നാണ് ലണ്ടനിലേയ്ക്ക് യാത്ര പുറപ്പെടുന്നത്. 2021 ജൂണ്‍ മാസം ഋഷികേശില്‍ നിന്ന് ലണ്ടനിലേക്ക് ആദ്യ ബസ് പുറപ്പെടും. 29 പേര്‍ക്കാണ് ഈ ചരിത്രയാത്രയില്‍ ആദ്യം പങ്കുചേരുക. ഗുസ്തിയില്‍ സ്വര്‍ണമെഡല്‍ നേടിയ ലഭാന്‍ശു ശര്‍മയാണ് ഈ യാത്ര ഒരുക്കുന്നത്. ലോകസമാധാനം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ബസ് ഇന്ത്യയില്‍ നിന്ന് അങ്ങ് ലണ്ടന്‍ വരെ സഞ്ചരിക്കാന്‍ ഒരുങ്ങുന്നത്. 21000 കിലോമീറ്റര്‍ ദൂരമാണ് ബസ് സഞ്ചരിക്കുക. 20 രാജ്യങ്ങളിലൂടെ 75 ദിവസം കൊണ്ടാവും ബസ് ലണ്ടനിലെത്തുക.
ഒരു സീറ്റിന് 13.99 ലക്ഷം രൂപയാണ് നിരക്ക്. ആഡംബര ബസ്സിലെ യാത്രക്ക് പുറമേ ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള റിട്ടേണ്‍ ഫ്‌ലൈറ്റ് ടിക്കറ്റ്, വിസ ഫീസ്, ഒരു ദിവസം രണ്ട് നേരത്തെ ഭക്ഷണം, ഹോട്ടല്‍ താമസം, പ്രാദേശിക ടൂറുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. മദ്യം, ജിഎസ്ടി, ഓരോ ഇടങ്ങളിലും സ്വന്തമായി പ്ലാന്‍ ചെയ്യുന്ന ടൂറുകള്‍ എന്നിവ ഈ പാക്കേജില്‍ ഉള്‍പ്പെടില്ല. യാത്രക്കാരുടെ കയ്യില്‍ ശൂന്യമായ 10 പേജുകളുള്ളതും യാത്രാ തീയതി മുതല്‍ 10 മാസത്തേക്ക് സാധുതയുള്ളതുമായ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. അത് മാത്രമാണ് ഇതിന് പുറമേയുള്ള നിബന്ധന.
ലോക സമാധാനം ലക്ഷ്യമിട്ട് ലഭാന്‍ശുവും സഹോദരനും നേരത്തേ ഡെറാഡൂണില്‍ നിന്ന് ലണ്ടന്‍ വരെ റോഡ് മാര്‍ഗം യാത്ര ചെയ്തിരുന്നു. ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയില്‍ അംഗമാണ് ഹിമാന്‍ഷു.
Post Your Comments