തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നിയമം കൈയിലെടുക്കാന്‍ സ്ത്രീക്കും പുരുഷനും അവകാശമില്ലെന്നും ശിക്ഷ സ്വയം നടപ്പിലാക്കിയവരെ നിയമനടപടികളില്‍ നിന്നും ഒഴിവാക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് കമ്മീഷന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ റനീഷ് കാക്കടവത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ആദ്യം സിനിമ സംബന്ധിയായും സ്റ്റോക്ക് മാര്‍ക്കറ്റിംഗ് സംബന്ധിച്ചുമായിരുന്നു ഇയാൾ വീഡിയോകള്‍ ചെയ്ത് തുടങ്ങിയിരുന്നത്. പിന്നീട് അശ്ലീലതയും സ്ത്രീവിരുദ്ധതയും കൂട്ടിചേര്‍ത്ത് വീഡിയോകള്‍ ഇയാള്‍ സ്വയം തയാറാക്കി അവതരിപ്പിക്കുകയായിരുന്നു. പ്രസിദ്ധീകരണ യോഗ്യമല്ലാത്ത തലക്കെട്ടുകളോടെയാണ് ഇയാൾ യൂട്യൂബിൽ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നത്. ചില വനിതകളെ പേരെടുത്തുപറഞ്ഞും, മറ്റു ചിലരെ പേര് പറയാതെ തന്നെ ഐഡന്റിന്റി പൂർണമായി വെളിപ്പെടുത്തിയുമൊക്കെയായിരുന്നു ഇയാൾ വീഡിയോ ചെയ്തത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ ഉൾപ്പെടെയുള്ളവർ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കി. നടപടി ഒന്നും എടുക്കാതെ വന്നതോടെയാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ വിജയ് നായർ താമസിച്ചിരുന്ന തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിലെത്തി ഇയാളുടെ മുഖത്ത് കരി മഷി ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്തു. വിജയ് പി നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
Post Your Comments