ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ സഹോദരന്‍ രംഗത്ത്. കുടുംബത്തെ അറിയിക്കാതെ മൃതദേഹം പൊലീസ് കൊണ്ടുപോയെന്നും എന്നാല്‍ എവിടേക്കാണ് കൊണ്ടു പോയതെന്ന് അറിയില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും സഹോദരന്‍ ആരോപിച്ചു.
നിലവില്‍ ആശുപത്രിയില്‍ യുവതിയുടെ സഹോദരനും കുടുംബവും സംഭവത്തില്‍ പ്രതിഷേധം നടത്തുകയാണ്. മൃതദേഹം തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും പ്രതികളെ ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ ഉറപ്പ് നല്‍കും വരെ കുടുംബം പ്രതിഷേധം തുടരുമെന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു.
സംഭവത്തില്‍ പെണ്‍കുട്ടിയെ ചികിത്സിച്ച ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിക്കുള്ളില്‍ വന്‍ പ്രതിഷേധവുമായി വന്‍ പ്രതിഷേധവുമായി ഭീം ആര്‍മിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദലിത് നേതാവും ഭീം ആര്‍മി മേധാവിയുമായ ചന്ദ്രശേഖര്‍ ആസാദ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. തെരുവിലിറങ്ങി കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ദലിത് സമുദായത്തിലെ എല്ലാ അംഗങ്ങളോടും താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും. സര്‍ക്കാര്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും കുറ്റവാളികളെ തൂക്കിലേറ്റുന്നതുവരെ തങ്ങള്‍ വിശ്രമിക്കുകയില്ലെന്നും തങ്ങളുടെ സഹോദരിയുടെ മരണത്തിന് സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിക്കുള്ളില്‍ വന്‍ ജനക്കൂട്ടം പ്രതിഷേധം ഉയര്‍ത്തുകയാണ്. ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.
സെപ്റ്റംബര്‍ 14നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായത്. അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ല് പറിയ്ക്കാന്‍ പാടത്ത് പോയപ്പോഴാണ് കഴുത്തില്‍ ദുപ്പട്ട മുറുക്കി വലിച്ചിഴച്ച് കൊണ്ടുപോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. അലിഗഢിലെ ആശുപത്രിയിലിയാരുന്നു പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുമെന്ന് ഹാത്രാസ് പൊലീസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ പറഞ്ഞു.
Post Your Comments