ആപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കോണ്‍ട്രാക്ട് നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തായ്‌വാനിലെ ഫോക്‌സ്‌കോണ്‍, വിന്‍സ്ട്രണ്‍, പെഗാട്രോണ്‍ എന്നീ മൂന്നു കമ്പനികളും കൂടെയാണ് 900 ദശലക്ഷം ഡോളര്‍ (ഏകദേശം 6633 കോടി രൂപ) മുതല്‍മുടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ പ്രഖ്യാപിച്ച പ്രൊഡക്ഷന്‍-ലിങ്ക്ട് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന്റെ ഗുണഭോക്താക്കളാകാനാണ് അവര്‍ കുതിച്ചെത്തിയിരിക്കുന്നത്.
പുതിയ നീക്കത്തില്‍ 10,000 പുതിയ ജോലികള്‍ ഉണ്ടാകുമെന്നും കരുതുന്നു. ഇന്ത്യയില്‍ സ്മാര്‍ട് ഫോണുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ടാക്‌സ് അടക്കം വിവിധ ഇനങ്ങളിലായി 6.65 ബില്ല്യന്‍ ഡോളറിന്റെ ഇളവുകളാണ് പിഎല്‍ഐ സ്‌കീമില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശികമായി നിര്‍മിക്കുന്ന ഫോണുകള്‍ കയറ്റി അയയ്ക്കുന്ന കമ്പനികള്‍ക്കാണ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ ഇളവുകള്‍ നല്‍കുക. ഇന്ത്യയെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിര്‍മാണ കേന്ദ്രമായി പരിണമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ വേതനം കുറവാണെന്നതും ആപ്പിളിനും അവരുടെ കോണ്‍ട്രാക്ട് നിര്‍മാതാക്കള്‍ക്കും ആകര്‍ഷകമായ ഘടകമിതാണെന്നും പറയുന്നു. അങ്ങനെ നോക്കിയാല്‍ ഇന്ത്യയുടെ സാധ്യതകള്‍ അപാരമാണെന്നാണ് വിലയിരുത്തല്‍. പ്രാദേശിക നിര്‍മാണപ്രവര്‍ത്തനം ഐഫോണുകളുടെ വില ഇന്ത്യയില്‍ കുറയാനുള്ള സാഹചര്യവും കൊണ്ടുവരാം. നിലവില്‍ 1 ശതമാനത്തില്‍ താഴെയാണ് ആപ്പിളിന്റെ ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയിലെ സാന്നിധ്യം. അതിനും ഒരു മാറ്റം വരുത്താന്‍ ആപ്പിള്‍ ആഗ്രഹിക്കുന്നു.
ഇന്ത്യയില്‍ പുതിയതായി സ്വന്തമായി തുടങ്ങാനിരിക്കുന്ന റീട്ടെയില്‍ കടയും അതിന്റെ സൂചനകളാണ്. ഫോക്‌സ്‌കോണ്‍ 40 ബില്ല്യന്‍ രൂപയും ( 542 ദശലക്ഷം ഡോളര്‍), വിന്‍സ്ട്രണ്‍ 13 ബില്ല്യന്‍ രൂപയും, പെഗാട്രോണ്‍ 12 ബില്ല്യന്‍ ഡോളറുമാണ് പിഎല്‍ഐ പദ്ധതിയില്‍ നിക്ഷേപിക്കുക. എന്നാല്‍, ഈ പണമെല്ലാം ആപ്പിളിന്റെ ഉപകരണങ്ങളുടെ നിര്‍മാണത്തിനു വേണ്ടി മാത്രമായിരിക്കുമോ എന്നതിനെക്കുറിച്ച് വ്യക്തത ഇല്ല. ഇവര്‍ മറ്റു കമ്പനികളുടെ ഉപകരണങ്ങളും നിര്‍മിക്കാറുണ്ട്. ഇത്തരം വിശദാംശങ്ങള്‍ പുറത്തുവിടരുതെന്നാണ് ഇന്ത്യയുടെ ടെക്‌നോളജി മന്ത്രാലയം നൽകിയിരിക്കുന്ന നിര്‍ദേശമെന്ന് ഫോക്‌സ്‌കോണ്‍ പ്രതികരിച്ചു.
മൂന്നു കമ്പനികളും ആഗോളതലത്തില്‍ മറ്റു കമ്പനികളുടെ ഉപകരണങ്ങൾ നിര്‍മിക്കാറുണ്ടെങ്കിലും വിന്‍സ്ട്രണ്‍ ഇന്ത്യയില്‍ ആപ്പിളിന്റെ പ്രൊഡക്ടുകള്‍ മാത്രമാണ് നിര്‍മിക്കുന്നത്. വിന്‍സ്ട്രണ്‍ ഇന്ത്യയില്‍ ആപ്പിളിന്റെ പ്രൊഡക്ടുകള്‍ മാത്രമാണ് നിര്‍മിക്കുന്നത്. വിന്‍സ്ട്രണ്‍ ഇപ്പോള്‍ പ്രതിമാസം ഏകദേശം 200,000 ഐഫോണ്‍ എസ്ഇ (2020) നിര്‍മിക്കുന്നു.പെഗാട്രോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയിട്ടില്ല. പല സംസ്ഥാന സർക്കാരുകളോടും ചര്‍ച്ച നടത്തുകയാണവര്‍.
മിക്കവാറും തമിഴ്‌നാടിനെ തങ്ങളുടെ ആദ്യത്തെ താവളമാക്കിയേക്കുമെന്നാണ് വാര്‍ത്തകള്‍. ഫോക്‌സ്‌കോണ്‍ ആകട്ടെ ഷഓമി ഇന്ത്യയുടെ ഉപകരണങ്ങളും നിര്‍മിക്കുന്നു. നിലവിലെ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഷഓമിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു മതിയാകുമെന്നതിനാല്‍ അവര്‍ പിഎല്‍ഐ പദ്ധതി ഐഫോണ്‍ നിര്‍മാണത്തിനായി ഉപയോഗിച്ചേക്കുമെന്നാണ് കരുതുന്നത്.
പുതിയ മുതല്‍മുടക്കുകള്‍ ആപ്പിളിന് തങ്ങളുടെ ചൈനയിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ സഹായകമാണെന്നാണ് പറയുന്നത്. കമ്പനി 2017 ലാണ് ഇന്ത്യയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങൾ തുടങ്ങിയത്. എല്ലാം നന്നായി പോയാല്‍ ഇന്ത്യയെ തങ്ങളുടെ മുഖ്യ നിര്‍മാണ കേന്ദ്രങ്ങിളിലൊന്നാക്കി മാറ്റാന്‍ ആപ്പിള്‍ ശ്രമിക്കുമെന്നു പറയുന്നു.
Post Your Comments