KeralaLatest NewsNews

നീതിയുടെ ഭാഗത്തുള്ള ഭാഗ്യലക്ഷ്മിക്കും കൂട്ടുകാരികൾക്കും ജാമ്യം കിട്ടാത്ത കേസും, നീചപ്രവൃത്തി ചെയ്തയാൾക്കെതിരെ ജാമ്യം കിട്ടാവുന്ന കേസും,ഇതെന്തു നിയമമാണ്?- സുഗത കുമാരി

യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും സംഘത്തെയും പിന്തുണച്ച് പ്രശസ്ത എഴുത്തുകാരി സുഗതകുമാരി. ഭാഗ്യലക്ഷ്മിക്കും മിടുക്കികളായ മറ്റു രണ്ടു പെൺകുട്ടികൾക്കുമൊപ്പമാണ് കേരളത്തിലെ സ്ത്രീകളെല്ലാവരും തന്നെയെന്നും സുഗതകുമാരിപറഞ്ഞു.

പക്ഷേ നിയമം ചെയ്യുന്നത് എന്താണ്? അവർക്കെതിരെ ജാമ്യം കിട്ടാത്ത, കഠിനതടവു വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിരിക്കുന്നു. നീചപ്രവൃത്തി ചെയ്തയാൾക്കെതിരെ ജാമ്യം കിട്ടാവുന്ന കേസും. ഞങ്ങൾ സ്ത്രീകൾക്കു മനസ്സിലാകുന്നില്ല. ഇതെന്താണ്? ഇതെന്തു നിയമമാണ്?സുഗതകുമാരി ചോദിക്കുന്നു.

നീതിയുടെ ഭാഗത്താണു ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും നിൽക്കുന്നത്. അവർക്കൊപ്പമാണു ഞങ്ങളും. നിയമത്തിന്റെ കുരുക്കുകളെക്കുറിച്ചു മാത്രം പറഞ്ഞാൽ പോരാ. നിയമം ദുർബലമാവുകയാണെങ്കിൽ സ്ത്രീകൾ നിയമം കയ്യിലെടുക്കുന്ന കാലം വരും. അത് അവരെക്കൊണ്ടു ചെയ്യിക്കരുത്. അതിശക്തമായി നിയമം നടപ്പാക്കണം.

സ്ത്രീകൾക്കു വേണ്ട സംരക്ഷണം നൽകുക എന്നതാണു ഭരണകൂടത്തിന്റെ കടമ. എല്ലാ അവഹേളനവും പീഡനവും ഏറ്റുവാങ്ങി സ്ത്രീകൾ സർവംസഹകളായി, നിശ്ശബ്ദരായി ഇരിക്കുന്ന കാലം എന്നേ കഴിഞ്ഞിരിക്കുന്നു. അതു മനസ്സിലായില്ലേ. അവരെക്കൊണ്ടു തിരിച്ചടിപ്പിക്കരുത്. നിയമത്തിന്റെ കാർക്കശ്യം കുറേക്കൂടി കുറ്റവാളികൾ അനുഭവിച്ചേ മതിയാകൂ. സ്ത്രീകളുടെ വശത്തു നിൽക്കാൻ പൊലീസും സർക്കാരും നിയമവും എല്ലാം തന്നെ ബാധ്യസ്ഥമാണ്. ഇപ്പോൾ നടന്ന ഈ സംഭവം സമൂഹത്തിന്റെ കണ്ണു തുറപ്പിക്കട്ടെ! കുഞ്ഞുങ്ങളേ, ഞാൻ നിങ്ങൾക്കൊപ്പമുണ്ട് സുഗതകുമാരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button