കൊച്ചി: ആഗോള ഭീകര സംഘടന ഐസിസിന് വേണ്ടി പ്രവർത്തിച്ചെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ കോടതി ജഡ്ജി പി കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. ഇത്തരം കേസില്‍ രാജ്യത്ത് ആദ്യത്തെ വിധിയാണ് വന്നിരിക്കുന്നത്. എന്‍ഐഎയുടെ എഎസ്പി ഷൗക്കത്തലിയായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
ഐസിസിന് വേണ്ടി യുദ്ധം ചെയ്യാന്‍ വിദേശത്ത് പോയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഏക വ്യക്തി സുബ്ഹാനി മാത്രമാണ്. തൊടുപുഴ സ്വദേശിയാണ് സുബ്ഹാനി. തിരുനല്‍വേലിയിലായിരുന്നു താമസം. 2015 ഫെബ്രുവരിയിലാണ് ഐസിസില്‍ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ വിദേശത്തേക്ക് പോയതെന്ന് എന്‍ഐഎ കണ്ടെത്തി.
സെപ്തംബറില്‍ തിരിച്ചെത്തി. ശേഷം ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു. ഇറാഖിലും സിറിയയിലും ഐസിസിന് വേണ്ടി പ്രവര്‍ത്തിച്ചു. ഇന്ത്യയുടെ സൗഹൃദരാജ്യങ്ങള്‍ക്കെതിരെ സുബ്ഹാനി യുദ്ധം ചെയ്തു… തുടങ്ങിയവയാണ് കുറ്റങ്ങള്‍. പ്രതിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടുവെന്ന് കോടതി ഉത്തരവില്‍ പറയുന്നു.സിറിയയിലും ഇറാഖിലും വച്ച് സുബ്ഹാനിക്ക് ആയുധ പരിശീലനം ലഭിച്ചുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
read also; നടിയെ ആക്രമിച്ച കേസ്: മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് മുഖ്യ സാക്ഷിയുടെ പരാതി
തുര്‍ക്കി വഴി ഇറാഖിലെത്തി ഇറാഖ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തുവെന്നാണ് സുബ്ഹാനിക്കെതിരായ പ്രധാന കേസ്. ഇറാഖിലെ മൊസൂളിലാണ് ഇയാളെ വിന്യസിച്ചതെന്നാണ് കണ്ടെത്തൽ. കണ്ണൂരിലെ കനകമലയില്‍ നടന്ന യോഗത്തിലും ഇയാള്‍ പങ്കാളിയായി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ . കനകമല ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സുബ്ഹാനിയുടെ കേസ് പ്രത്യേകമായി വിചാരണ ചെയ്യുകയാണ്.
Post Your Comments