
മുക്കം: മുത്തേരിയിൽ ഓട്ടോ യാത്രക്കാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്ത കേസില്‍ ജുഡീഷല്‍ കസ്റ്റഡിയിലിരിക്കേ ചാടിപ്പോയ പ്രതി പോലീസ് പിടിയിലായി. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലിരിക്കേ കഴിഞ്ഞയാഴ്ച രക്ഷപ്പെട്ട കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെയാണ് കതിരൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യവീടിന്റെ സമീപത്തുള്ള കാട്ടില്‍ ഒളിച്ച് കഴിയവേ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്.
പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസത്രീയ അന്വേഷണത്തിനൊടുവിലാണ് മുജീബ് റഹ്മാനെ അറസ്റ്റു ചെയ്തത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മഞ്ചേരിയിലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയില്‍വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 20-ന് രാത്രിയാണ് പ്രതി ഇവിടെ നിന്നും രക്ഷപ്പെട്ടത്.
ജൂലൈ രണ്ടിനാണ് ഓമശ്ശേരിയിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയായ വയോധിക വാഹനം കാത്തുനിൽക്കുമ്പോൾ പ്രതി ചോമ്പാലയിൽനിന്ന് കവർന്ന ഓട്ടോയിൽ കയറ്റി കൊണ്ടുപോയി കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകി ആളൊഴിഞ്ഞ മുത്തേരി കാപ്പുമലയിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചത്. തലക്ക് ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്തിരുന്നു.
Post Your Comments