ശ്രീനഗർ : ജമ്മു കശ്മീർ ജനതയുടെ ആരോഗ്യക്ഷേമം ഉറപ്പുവരുത്തി കേന്ദ്ര സർക്കാർ. 21 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളാണ് ജമ്മു കശ്മീർ ജനതയ്ക്കായി നിർമ്മിച്ചത്. ആരോഗ്യകേന്ദ്രങ്ങൾ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ കേന്ദ്രങ്ങൾക്ക് പുറമേ ജമ്മു കശ്മീരിലെ ദോഡാ ജില്ലയിൽ ഔഷധ സസ്യ സംസ്‌കരണ പ്ലാന്റിനായുള്ള തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ജിതേന്ദ്ര സിംഗിനൊപ്പം കേന്ദ്ര സഹമന്ത്രി ശ്രീപദ് നായിക്കും ചടങ്ങിൽ പങ്കെടുത്തു.
ജമ്മു കശ്മീരിൽ തന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന ഔഷധ സസ്യങ്ങൾ സംസ്‌കരിക്കുന്നതിനായാണ് സംസ്‌കരണ പ്ലാന്റ് നിർമ്മിയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ഔഷധ സസ്യങ്ങൾ പ്രദേശവാസികളായ കർഷകരിൽ നിന്നും ന്യായമായ വില നൽകി വാങ്ങും. ഇത് കർഷകർക്ക് വലിയ സാമ്പത്തിക സഹായമാകുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമേ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമ്മിയ്ക്കാനും ഇതുവഴി സാധിക്കും.
ആരോഗ്യമുള്ള ഇന്ത്യൻ ജനതയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ആയുഷ്മാൻ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. നല്ല ഭക്ഷണം, യോഗ തുടങ്ങിയവ നൽകി ചിട്ടയായ ജീവിതക്രമം ഉണ്ടാക്കി ജനങ്ങളെ രോഗങ്ങളിൽ നിന്നും രക്ഷിയ്ക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം.
Post Your Comments