കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്നലെ എൻ.ഐ.എ മൂന്നാം തവണയും ചോദ്യം ചെയ്തു. സ്വപ്നാ സുരേഷിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യംചെയ്യൽ. സ്വർണം പിടിച്ചശേഷം സ്വപ്നാ സുരേഷ് തന്നെ ഒന്നിലേറെത്തവണ വിളിച്ചെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ സഹായങ്ങൾ ഒന്നും ചെയ്തു നൽകിയിട്ടില്ലെന്നും ശിവശങ്കർ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ 11.30-ന് തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്. സ്വപ്നയിൽനിന്നും സന്ദീപിൽനിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെയും ലാപ്ടോപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്നാ സുരേഷിന് ഫ്ളാറ്റും ബാങ്കിൽ ലോക്കറും എടുത്തുകൊടുത്തത് സംബന്ധിച്ചും ചോദ്യം ചെയ്യലുണ്ടായിരുന്നു.
Post Your Comments