തിരുവനന്തപുരം: ലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ബീഭത്സരൂപമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മഹിളാമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ പിണറായി വിജയന്‍ രാജിവെക്കണം. പാവങ്ങളുടെ വീടിന്റെ പണം കമ്മീഷന്‍ അടിച്ചതിനെ പറ്റി ചോദിച്ചപ്പോഴാണ് എനിക്ക് നേരെ മുഖ്യമന്ത്രി ഭീഷണി മുഴക്കിയത്.
ലൈഫിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മാദ്ധ്യമപ്രവര്‍ത്തകരെ പിണറായി വിരട്ടാന്‍ ശ്രമിച്ചത്. മാദ്ധ്യമപ്രവര്‍ത്തകരും പ്രതിപക്ഷനേതാക്കന്‍മാരുമെല്ലാം സി.പി.എം നേതാക്കന്‍മാരെ പോലെ തനിക്ക് മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുമെന്ന് പിണറായി കരുതണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രളയത്തിന്റെ മറവില്‍ വിദേശത്ത് നിന്നും കേരളത്തിലേക്ക് കണക്കില്‍പ്പെടാത്ത ധാരാളം പണം എത്തിയിട്ടുണ്ട്. ലൈഫ് തട്ടിപ്പിനൊപ്പം ഇത്തരം കാര്യങ്ങളെ കുറിച്ചും സി.ബി.ഐ അന്വേഷിക്കാന്‍ പോവുകയാണ്. ഇത് മനസിലാക്കിയാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ബന്ധപ്പെട്ട ഫയലുകള്‍ കയ്യില്‍വെക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കേരള പൊലീസ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ടെലിഫോണ്‍ ചോര്‍ത്തുന്നുണ്ട്. ഇത് കേന്ദ്ര ഏജന്‍സികള്‍ക്കും മനസിലായിട്ടുണ്ട്. എല്ലാ അഴിമതി ആരോപണങ്ങളുടേയും കുന്തമുന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് തിരിയുന്നത്. ലൈഫ് പദ്ധതിയെയല്ല അഴിമതിയെയാണ് ബി.ജെ.പി എതിര്‍ക്കുന്നത്. എന്നാല്‍ ലൈഫിനെ എതിര്‍ക്കുകയാണെന്ന പ്രതീതി ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആകെ അനുവദിച്ച 20 കോടിയില്‍ ഒമ്പത് കോടിയും മുക്കിയ നാണംകെട്ട സര്‍ക്കാരാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതുവരെയുള്ള എല്ലാ മുഖ്യമന്ത്രിമാരും ചോദ്യങ്ങളെ നേരിട്ടിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളോട് മാനസികനില തെറ്റിയ ഏകാധിപതിയെ പോലെയാണ് പിണറായി വിജയന്‍ പെരുമാറുന്നത്.
കേരളം പിണറായി വിജയന്റെ കുടുംബസ്വത്തല്ലെന്ന് അദ്ദേഹം മനസിലാക്കണം. പിണറായി വിജയന്‍ കിംഗ് ജോംഗ് ഉന്നോ ഈദി അമീനോ സ്റ്റാലിനോ ഒന്നും അല്ലെന്ന് അദ്ദേഹം മനസിലാക്കണം. കൊവിഡ് കാലമായതുകൊണ്ട് പിണറായി വിജയന്റെ ഭാഗ്യം. ഇല്ലെങ്കില്‍ ജനാധിപത്യത്തിന്റെ ശക്തി മഹിളാമോര്‍ച്ച അദ്ദേഹത്തിന് കാണിച്ചുകൊടുക്കുമായിരുന്നു. മഹിളാമോര്‍ച്ചയുടെ സമരം അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ പിണറായിക്ക് കേരളത്തിലങ്ങിങ്ങോളം പതിനായിരക്കണക്കിന് വനിതാപൊലീസുകാരെ അധികം നിയമിക്കേണ്ടി വരും. ബൂത്ത്തലം വരെ പ്രതിഷേധം ശക്തമാക്കാന്‍ മഹിളാമോര്‍ച്ചയ്ക്ക് സാധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മഹിളാമോര്‍ച്ചാ ജില്ലാ വൈസ്പ്രസിഡന്റ് സന്ധ്യാ ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് വി.ടി രമ, മഹിളാമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യം, സംസ്ഥാന ജനറല്‍ സെക്രട്ടറി രാഗേന്ദു. ആര്‍.ബി, ജില്ലാ ജനറല്‍ സെക്രട്ടറി ജയാരാജീവ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments