KeralaLatest NewsNews

ശ്രീനാരായണ ഗുരു; ഇന്ത്യൻ മതേതരത്വത്തിന്റെ പ്രവാചകൻ

മലയാളിയുടെ മനസ്സിൽ മതസഹിഷ്ണുതയുടെ അടിത്തറ പാകിയ ശ്രീനാരായണ ഗുരുദേവന്റെ സമാധിദിനമാണ് ഇന്ന്. വിഭാഗീയതകളില്ലാത്ത ഒരു ലോകത്തിന്റെ പുനഃസൃഷ്ടിക്കായി കാലത്തിന്റെ അനിവാര്യതയായിരുന്നു ഗുരു. മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും പേരിൽ പ്രത്യക്ഷത്തിൽ അകറ്റി നിർത്തിയിരുന്ന ഒരു വലിയ ജനവിഭാഗത്തിനായി അവരെ അകറ്റിയ വികലമായ ആ കാലഘട്ടത്തിന്റെ നവനിർമാണത്തിനു വേണ്ടി പ്രവർത്തിച്ച അനുപമ ചൈതന്യമായിരുന്നു ഗുരു.

Read also: ക്ലോൺ ട്രെയിൻ ഇന്ന് മുതൽ; റൂട്ടുകൾ, സ്റ്റോപ്പുകൾ, സമയം എന്നിവ പരിശോധിക്കാം

‘‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതിൽ..’’ ഗുരുവിൻെറ ഈ വരികൾ മാത്രം മതി ആരായിരുന്നു അദ്ദേഹമെന്നറിയാൻ. അശോകന്റെ ശിലാശാസനങ്ങള്‍ ഇന്ത്യയില്‍ വ്യാപിച്ചുനില്‍ക്കുന്നതുപോലെ കേരളത്തിലുടനീളം ശ്രീനാരായണ സൂക്തങ്ങള്‍ വ്യാപിച്ചുനില്‍ക്കുന്നു. ആബാലവൃദ്ധം ജനങ്ങളും മനസ്സുകൊണ്ട് ആ സൂക്തങ്ങള്‍ ഉരുവിടുന്നു. ജാതിവ്യത്യാസമില്ലാതെ ജീവിക്കാന്‍വേണ്ട ആത്മീയ വെളിച്ചം ആ സൂക്തങ്ങള്‍ മലയാളിക്ക് പകർന്ന് തന്നു.

ശ്രീനാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്‍റെ പ്രവാചകനായിരുന്നു. കേരളത്തില്‍ ജനിച്ച്‌, വേദാന്തത്തിന്‍റെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിന്‍റെ സാക്ഷാത്‌കാരം സിദ്ധിച്ച ശ്രീനാരായണ ഗുരു തന്‍റെ സഹജീവികളോടുളള മാനുഷികകടമ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയിലാണ്‌ നിര്‍വ്വഹിച്ചത്‌.

ഇന്ത്യൻ മതേതരത്വത്തിന്റെ പ്രവാചകനാണ് ശ്രീനാരായണ ഗുരുവെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞത് പ്രസക്തമാണ്. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ആശയത്തിന് പലരും പല വ്യാഖ്യാനങ്ങൾ നൽകുന്നുണ്ട്. എന്നാൽ ശ്രീനാരായണഗുരു ഉദ്ദേശിച്ചത് ഏത് മതത്തിൽ വിശ്വസിച്ചാലും മറ്റുള്ളവർക്ക് നന്മ ചെയ്ത് നല്ല മനുഷ്യരായിത്തീരുകയെന്നതാണ്. മതേതര സമീപനമെന്നത് സ്വന്തം മതത്തിൽ വിശ്വസിക്കുന്നതുപോലെ മറ്റ് മതവിശ്വാസികളെ ആദരിക്കുന്നതും അവർക്ക് വിശ്വസിക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്നതുമാണ്. മതാതീതമായ ഗുരുവിന്റെ ആപ്തവാക്യങ്ങൾ ഈ സത്യാന്തരകാലത്ത് കൂടുതൽ, കൂടുതൽ പ്രസക്തമാവുകയാണ്.

shortlink

Post Your Comments


Back to top button