എറണാകുളം : മലയാറ്റൂരിലെ പാറമടയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കും.
തഹസീല്‍ദാരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സ്പ്ളോസീവ്സ് ആക്റ്റ് വകുപ്പ് 9 പ്രകാരമാണ് അന്വേഷണം. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ ഡോ.ഹാരിസ് റഷീദ് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇല്ലിത്തോട് വിജയ ക്വാറിക്ക് സമീപം സ്ഥാപിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്.
അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയും കെട്ടിടത്തില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതില്‍ ക്വാറി ഉടമസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. പുത്തേന്‍ ദേവസിക്കുട്ടി മകന് ബെന്നി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. മഴയെത്തുടര്‍ന്ന് താലൂക്ക് ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
ക്വാറിക്കാവശ്യമായ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മാഗസിന്, മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കണിമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. ലൈസന്‍സോടെയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments