Latest NewsKeralaNews

‘ഹൃദയം വിൽക്കാനുണ്ട്’; തെരുവിലിറങ്ങി മാതൃത്വം

വെള്ളപ്പേപ്പറിൽ ചുവന്ന മഷി ഉപയോഗിച്ച് എഴുതിയ കടലാസ് പ്രദർശിപ്പിച്ചാണ് വീട്ടമ്മ അവരുടെ നിസഹായാവസ്ഥ ലോകത്തോട് വിളിച്ചു പറഞ്ഞത്.

കൊച്ചി: ഹൃദയം ഉൾപ്പടെ വിൽക്കാൻ തയാറാണെന്ന് കാണിച്ച് തെരുവിലിറങ്ങി ഒരമ്മ. അഞ്ചുമക്കളുടെ ചികിത്സയ്ക്കായി അവയവങ്ങൾ വിൽക്കാനാണ് ഈ അമ്മ മുന്നോട്ട് വന്നിരിക്കുന്നത്. വെള്ളപ്പേപ്പറിൽ ചുവന്ന മഷി ഉപയോഗിച്ച് എഴുതിയ കടലാസ് പ്രദർശിപ്പിച്ചാണ് വീട്ടമ്മ അവരുടെ നിസഹായാവസ്ഥ ലോകത്തോട് വിളിച്ചു പറഞ്ഞത്. മലപ്പുറം സ്വദേശിനി ശാന്തയാണ് അഞ്ചുമക്കളുമായി ജീവിക്കാൻ ഗത്യന്തരമില്ലാതെ വ്യത്യസ്ഥമായ സമരമാർഗവുമായി നിരത്തിലിറങ്ങിയത്. കഴിഞ്ഞ ഒമ്പതു വർഷമായി ഇവർ വരാപ്പുഴയിലാണ് താമസിച്ചു വരുന്നത്. മക്കളുടെ ചികിത്സയ്ക്കായാണ് ഇവർ എറണാകുളത്ത് എത്തിയതെന്ന് പറയുന്നു. ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയായിരുന്നു.

ഇവരുടെ അഞ്ചു മക്കളും ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലാണ്. മൂന്നു പേർക്ക് ശസ്ത്രക്രിയ കഴിഞ്ഞതാണ്. ചികിത്സയ്ക്കായി വീടു വിറ്റ് വാടക വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. അഞ്ചു ലക്ഷം രൂപയോളം കടമുണ്ടെന്നും ഇവർ പറയുന്നു. ഇന്നലെ മുതൽ മുളവുകാടിനടുത്ത് കണ്ടെയ്നർ റോഡിൽ ടാർപോളിൻ വലിച്ചു കെട്ടി അതിനടിയിലാണ് കഴിഞ്ഞത്. കനത്ത മഴയിലാണ് രോഗികളായ മക്കളുമായി റോഡരികിൽ കഴിഞ്ഞത്. വാടക കൊടുക്കാൻ സാധിക്കാതെ വന്നതോടെയാണ് റോഡിലേക്ക് ഇറങ്ങിയത്. ഇവരുടെ വീട്ടുപകരണങ്ങളും സാധന സാമഗ്രികളും എല്ലാം ഉൾപ്പടെയാണ് റോഡിൽ കഴിഞ്ഞത്.

ഇവരുടെ മക്കൾ ചെറിയ ജോലികൾക്കു പോയിരുന്നെങ്കിലും അപകടത്തിൽ പരുക്കേറ്റ് മൂത്ത രണ്ടു മക്കളും കിടപ്പിലായതോടെ ജീവിതം ദുരിതത്തിലാകുകയായിരുന്നു. മൂത്ത മകൻ വാഹനാപകടത്തിൽ സാരമായ പരുക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. രണ്ടാമത്തെ മകനും അപകടത്തിൽ പെട്ട് കിടപ്പിലായി. മൂന്നാമത്തെ മകൻ വയറ്റിൽ മുഴയുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കു ശേഷം തുടർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. നാലാമതുള്ള മകൾക്ക് കണ്ണിന് ഗുരുതര പ്രശ്നങ്ങളുമായി ചികിത്സയിലാണ്.

Read Also: കേസിന്റെയും അറസ്റ്റിന്റെയും കാര്യത്തില്‍ റെക്കോഡുകൾ ഭേദിച്ച് ജലീല്‍ വിരുദ്ധ സമരം

സമരം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ ജനപ്രതിനിധികൾ ഉൾപ്പടെ ഇടപെട്ട് ഇവരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്. എന്നാൽ മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനു സാധിക്കാതെ വന്നതോടെ എല്ലാം പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണെന്ന് അമ്മ ശാന്തി പറയുന്നു.നേരത്തെ വി.ഡി. സതീശൻ എംഎൽഎ ഉൾപ്പടെയുള്ളവർ സഹായിച്ച് ചികിത്സാ സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നു. എന്നാൽ മക്കളുടെ തുടർ ചികിത്സ പൂർണമാക്കുന്നതിനും താമസിക്കുന്നതിനുമുള്ള സ്ഥിര സൗകര്യം വേണമെന്നാണ് ഇവരുടെ ആവശ്യം. ഇവരുടെ ആവശ്യങ്ങൾ പരിഗണിച്ച് എന്തെല്ലാം ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്ന് വി.ഡി. സതീശൻ എംൽഎ പ്രതികരിച്ചു.

shortlink

Post Your Comments


Back to top button