KeralaLatest NewsNews

‘ഇവർ എന്റെ ജീവിതത്തില്‍ കടന്നു വരരുതേ എന്നാണ് എന്റെ പ്രാര്‍ഥന’; ഭാമയ്‌ക്കെതിരെ സയനോര

നടി ഭാമയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ഗായിക സയനോര. നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയതിന് പിന്നാലെയാണ് താരത്തെ വിമർശിച്ച് സയനോര രംഗത്ത് വന്നത്. ഇതൊരിക്കലും ഭാമയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മരിക്കുന്നതുവരെ താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുമെന്നും സയനോര പറഞ്ഞു.

Read also: ‘ഈന്തപ്പഴത്തിന് തൂക്കം കൂടുതല്‍, അകത്ത് കുരു തന്നെയായിരുന്നോ?’; സർക്കാരിനോട് കുഞ്ഞാലിക്കുട്ടി

മൊഴി മാറുന്ന ആളുകള്‍ ഒരിക്കലും തന്റെ ജീവിതത്തില്‍ കടന്നു വരരുതേ എന്നാണ് തന്റെ പ്രാര്‍ഥന എന്നും തനിക്കെന്ത് സംഭവിച്ചാലും താൻ നടിക്കൊപ്പം നില്‍ക്കുമെന്നും സയനോര വ്യക്തമാക്കി.

‘ഞാന്‍ എന്നും ഇങ്ങനെയാണ്. അതിലൊരുമാറ്റവും ഉണ്ടാവില്ല, നിലപാടിലും. വ്യക്തിപരമായി എനിക്കെന്ത് സംഭവിച്ചാലും ഞാനെന്റെ സുഹൃത്തിനൊപ്പം നില്‍ക്കും. അതുകൊണ്ട് എന്ത് പ്രശ്‌നമുണ്ടായാലും എനിക്ക് കുഴപ്പമില്ല. അവള്‍ അവള്‍ക്ക് വേണ്ടി മാത്രമല്ല പോരാടുന്നത്. പീഡിപ്പിക്കപ്പെട്ട, സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ, ആത്മഹത്യ ചെയ്ത, ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് വേണ്ടികൂടിയാണ് അവള്‍ പോരാടുന്നത്. മരണം മാത്രം രക്ഷ എന്ന് ചിന്തിക്കുന്നവര്‍ക്ക് ജീവിക്കാനും പോരാടാനുമുള്ള ഊര്‍ജ്ജമാണ് അവള്‍. അതുകൊണ്ട് തന്നെ അവള്‍ക്കൊപ്പം നില്‍ക്കാതിരിക്കുന്നത് ഈ കാണുന്ന ആയിരക്കണക്കിന് സത്രീകള്‍ക്കൊപ്പം നില്‍ക്കാത്തതിന് തുല്യമാണെന്നും സയനോര പറഞ്ഞു.

“മൊഴി മാറുന്ന ആളുകള്‍ ഒരിക്കലും എന്റെ ജീവിതത്തില്‍ കടന്നു വരരുതേ എന്നാണ് എന്റെ പ്രാര്‍ഥന. സുഹൃത്തിന്റെ കൂടെ കട്ടക്ക് നില്‍ക്കേണ്ട സമയത്ത് ഒരു സ്ത്രീ കൂടെ നിക്കാത്ത അവസ്ഥ എന്റെ സുഹൃത്ത് വലയത്തിലോ പരിസരത്തോ ഉണ്ടാകരുത് എന്നാണ് എന്റെ പ്രാര്‍ഥന. മൊഴി മാറ്റുന്നതിലൂടെ നമ്മള്‍ നമ്മളെ മാത്രമല്ല വഞ്ചിക്കുന്നത്. പീഡനത്തിനിരയായ, അതിജീവിക്കാനൊരുങ്ങുന്ന ഒരു വലിയ പെണ്‍ സമൂഹത്തിനെ കൂടിയാണ് അവര്‍ വഞ്ചിക്കുന്നത്. അതിജീവിക്കാന്‍ വേണ്ടി ചെറിയ കച്ചിത്തുരുമ്പാഗ്രഹിക്കുന്നവരെ ഒരു വലിയ കയത്തിലേക്ക് തള്ളിവിടുകയാണ് അവര്‍. അതൊരു വലിയ സമൂഹത്തിന്റെ പ്രതീക്ഷയാണ് തല്ലിക്കൊടുത്തത്”, സയനോര കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ഭാമയും നടൻ സിദ്ധിഖും കൂറുമാറുന്നത്.

അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു.

എന്നാൽ, കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ ഭാമയ്ക്കും സിദ്ധിഖിനുമെതിരേ രൂക്ഷവിമർശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങിയവർ രം​ഗത്തെത്തിയിരുന്നു.

shortlink

Post Your Comments


Back to top button