Latest NewsNews

തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ഇനി മുതൽ സോൺ തിരിച്ച് ചികിത്‌സ: മുഖ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പുതിയ അത്യാഹിത വിഭാഗത്തിൽ ഇനി മുതൽ മൂന്നു സോണുകളായി തിരിച്ചാവും ചികിത്‌സ ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെയാണ് സോൺ തിരിക്കുക. അതീവ ഗുരുതരാവസ്ഥയിലുള്ളവരെ ചുവന്ന സോണിലും ഗുരുതരാവസ്ഥയിലുള്ളവരെ മഞ്ഞ സോണിലും അല്ലാതെയുള്ളവരെ ഗ്രീൻ സോണിലും പ്രവേശിപ്പിച്ച് ചികിത്‌സ നൽകും. ചുവപ്പ്, പച്ച സോണുകളിൽ 12 വീതവും മഞ്ഞ സോണിൽ 62 ഉം രോഗികളെ ഒരേ സമയം ചികിത്‌സിക്കാനുള്ള സംവിധാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പുതിയ ട്രോമ കെയർ, എമർജൻസി മെഡിക്കൽ വിഭാഗങ്ങൾ വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 33 കോടി രൂപ ചെലവഴിച്ചാണ് പുതിയ സൗകര്യം ഒരുക്കിയത്.

അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന രോഗികൾക്ക് തീവ്രത അനുസരിച്ച് ചികിത്‌സ ഉറപ്പാക്കാനാവും. അത്യാഹിത വിഭാഗത്തിൽ മെഡിസിൻ, സർജറി, ഓർത്തോ, ഇ. എൻ. ടി വിഭാഗങ്ങൾ ആധുനിക സംവിധാനങ്ങളോടെ ഏകോപനത്തോടെ പ്രവർത്തിക്കും. അന്തർദ്ദേശീയ നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നിലവിലെ എമർജൻസി മെഡിസിൻ മാനദണ്ഡം അനുസരിച്ചാണ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എയിംസിലെ ഡോക്ടർമാരുടെ സഹകരണത്തോടെ ലെവൽ രണ്ട് സംവിധാനങ്ങളുള്ള ട്രോമ കെയറാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ട്രോമ കെയറിനൊപ്പം ഹൃദ്രോഗം, പക്ഷാഘാതം, പൊള്ളൽ വിഭാഗങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തോടു ചേർന്ന് എം. ആർ. ഐ, ഡിജിറ്റൽ എക്‌സ്‌റെ, സിടി സ്‌കാൻ, അൾട്രാ സൗണ്ട് സ്‌കാൻ, ഇ. സി. ജി തുടങ്ങിയ സൗകര്യങ്ങളുണ്ട്. നഴ്‌സിംഗ് സ്‌റ്റേഷൻ, ഫാർമസി, ലാബ് എന്നിവയും ഇവിടെയുണ്ട്.

ഓക്‌സിജൻ സപ്പോർട്ടോടെയുള്ള 120 കിടക്കകളുണ്ട്. അടിയന്തരശസ്ത്രക്രിയയ്ക്കായി അഞ്ച് ഓപ്പറേഷൻ തിയേറ്ററുകളാണുള്ളത്. പത്ത് കിടക്കകളുള്ള ട്രാൻസിറ്റ് ഐ. സി. യു, എട്ട് കിടക്കകളോടെ കാഷ്വാലിറ്റി ഐ. സി. യു, 21 വെന്റിലേറ്ററുകൾ, മൊബൈൽ കിടക്കകൾ, മൾട്ടി പരാമീറ്റർ മോണിറ്റർ എന്നിവയുമുണ്ട്. 106 പുതിയ തസ്തികകളാണ് ഇവിടെ സൃഷ്ടിച്ചത്. ഡോക്ടർമാർ മുതൽ ആംബുലൻസ് ഡ്രൈവർമാർ വരെയുള്ളവർക്ക് ജീവൻ രക്ഷാ പരിശീലനവും നൽകി. രോഗികളുടെ മനസിന് ആശ്വാസം ലഭിക്കുന്ന വിധത്തിലാണ് അത്യാഹിത വിഭാഗം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button