ന്യൂഡൽഹി : രാജ്യത്ത് രണ്ടായിരം രൂപയുടെ കറൻസികൾ പ്രചാരത്തിൽ വന്നത് മുതൽ പറഞ്ഞുകേൾക്കുന്ന ഒന്നാണ് ഈ നോട്ടുകൾ അധികം വൈകാതെ നിരോധിക്കുമെന്നത്. അതിനാൽ തന്നെ രണ്ടായിരം നിരോധിച്ചോ ഇല്ലേ എന്ന ചോദ്യവും പലപ്പോഴും ഉയർന്നുവന്നിരുന്നു.
ഇപ്പോഴിതാ രണ്ടായിരം രൂപ നോട്ടുകൾ അധികം കാണാതെ വന്നതോടെ വീണ്ടും ഈ നോട്ടുകൾ നിരോധിച്ചു എന്ന വാർത്തകൾ പുറത്ത് വന്നിരിക്കുകയാണ്. എന്നാൽ ഇതിന്റെ നിജസ്ഥിതി എന്താണെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാർ വിശദീകരിച്ചു.
കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി നൽകിയത്. രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിർത്താനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നിശ്ചിത രൂപയുടെ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്കുമായി ആലോചിച്ച് കേന്ദ്ര സർക്കാരാണ് കൈക്കൊള്ളുന്നത്.
2019-20, 2020-21 സാമ്പത്തിക വർഷങ്ങളിൽ ഇതുവരെയായി 2000 രൂപ അച്ചടിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അർത്ഥം അച്ചടി എന്നെന്നേക്കുമായി നിർത്തിയെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2020 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 27398 ലക്ഷം 2000 രൂപയാണ് വിപണിയിലുള്ളത്. എന്നാൽ കോവിഡിനെ തുടർന്ന് പ്രിന്റിങ് പ്രസുകളുടെ പ്രവർത്തനം നിർത്തിവച്ചിരുന്നതായി റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
Post Your Comments