തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളെയും ജനകീയ സമരപ്രവര്‍ത്തകരെയും വ്യാജ കേസുകളില്‍ വേട്ടയാടുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച എന്‍.ഐ.എയുടെ കേരളത്തിലെ ഇടപെടലുകള്‍ ദുരൂഹതയുണര്‍ത്തുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. രൂക്ഷ വിമർശനമാണ് എൻഐയ്ക്കെതിരെ വെൽഫെയർ പാർട്ടി ആരോപിക്കുന്നത്.
‘ വസ്തുതകള്‍ക്ക് പകരം മുന്‍വിധിയും ഭരണകൂട താല്‍പ്പര്യങ്ങളും മുന്‍ നിര്‍ത്തിയാണ് എന്‍.ഐ.എ അന്വേഷണം നടത്തുന്നതെന്നതാണ് ഇതുവരെയുളള അനുഭവം. എന്‍.ഐ.എ കേരളത്തില്‍ ആദ്യമായി ഏറ്റെടുത്ത പാനായിക്കുളം കേസു മുതല്‍ അവസാനം ഏറ്റെടുത്ത താഹ – അലന്‍ കേസില്‍ വരെ നിരപരാധികളെ വേട്ടയാടുകയാണ് ചെയ്തത്.
കേരളത്തില്‍ നിന്ന് അല്‍ഖാഇദ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത എന്‍.ഐ.എയുടെ ഇത്തരം മുന്‍ നടപടികള്‍ കൂടി മുന്നില്‍ വെച്ചേ വിലയിരുത്താനാവൂ എന്നും വെല്‍ഫെയര്‍ പാര്‍ടി സംസ്ഥാന പ്രസിഡന്‍റ് പ്രസ്താവനയില്‍ പറഞ്ഞു.സംസ്ഥാനം ഭരിച്ച സര്‍ക്കാറുകളും രാഷ്ട്രീയ നേട്ടത്തിനായാണ് എന്‍.ഐ.എ അന്വേഷണങ്ങളെ ഉപയോഗിച്ചത്.
കള്ളക്കടത്തും നികുതി വെട്ടിപ്പും മാത്രം വരുന്ന സ്വര്‍ണ്ണക്കടത്ത് കേസിനെ രാജ്യദ്രോഹക്കേസാക്കി പരിവര്‍ത്തിപ്പിച്ചത് എന്‍.ഐ.എ വന്നതോടെയാണ്. താഹ – അലന്‍ എന്നീ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു തെളിവുമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ യു.എ.പി.എ ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിയത്. കേരള മുഖ്യമന്ത്രി ആ വേട്ടയാടലിനേയും ന്യായീകരിക്കുകയായിരുന്നു.
മഅദനി കേസിലും സമാനമായ മറ്റ് നിരവധി കേസുകളിലും എന്‍.ഐ.എ അന്വേഷണങ്ങള്‍ നിരപരാധികളെ ഇരുമ്പഴിക്കുള്ളിലാക്കുന്നതിനായിരുന്നു. ഹാദിയ – ഷഫിന്‍ ജഹാന്‍ വിവാഹ വിഷയത്തിലും എന്‍.ഐ.എ കടന്നു വന്നത് യാദൃശ്ചികമല്ല. ഈ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടി എന്‍.ഐ.എ യെ ഉപയോഗിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന സംഘ്പരിവാര്‍ പദ്ധതികളെ കേരളീയ സമൂഹം ജാഗ്രതയോടെ കാണണം. കേരളത്തിലും മമത ബാനര്‍ജി മുഖ്യമന്ത്രിയായ ബംഗാളിലും ഭീകരവാദ പ്രവര്‍ത്തനം സ്ഥാപിച്ചെടുക്കാന്‍ എന്‍.ഐ.എ നടത്തുന്ന ഇടപെലുകള്‍ സംശയത്തോടെ മാത്രമേ കാണാനാവൂ എന്നും ഹമീദ് വാണിയമ്പലം ആരോപിച്ചു.
Post Your Comments