തിരുവനന്തപുരം : മന്ത്രി.കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരത്തിനു നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് അതിസുരക്ഷാ മേഖലയായ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് അറിഞ്ഞില്ല. ഗുരുതര സുരക്ഷാ വീഴ്ചയേക്കുറിച്ച് വകുപ്പ് തല അന്വേഷണം തുടങ്ങി.
എംഎല്‍എയുടെ വാഹനത്തില്‍ ഷാഫി പറമ്പിലും കെ.എസ്.ശബരിനാഥും അടക്കം പതിനൊന്ന് പ്രവര്‍ത്തകര്‍ സമരത്തിനെത്തിയപ്പോള്‍ പൊലീസ് ആസ്ഥാനത്തിന്റെ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. അകത്തേക്ക് ഓടിക്കയറാതെ ഗേറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. വിവിധ ജില്ലകളിലെ സമരത്തില്‍ നടന്ന ‘അനാവശ്യലാത്തിച്ചാര്‍ജില്‍’ നടപടി വേണമെന്നായിരുന്നു ആവശ്യം
ഈ ദൃശ്യങ്ങള്‍ ചാനലുകളില്‍ വന്നപ്പോഴാണ് സമരങ്ങള്‍ അനുവദിക്കാത്ത പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം നടക്കുന്ന വിവരം തലസ്ഥാനത്തെ പൊലീസ് അറിഞ്ഞത്. തുടര്‍ന്ന് പത്ത് മിനിറ്റോളം വൈകിയാണ് കന്റോണ്‍മെന്റ് എസിപിയും സ്‌പെഷല്‍ ബ്രാഞ്ച് എസിപിയുമെല്ലാം സ്ഥലത്തെത്തിയത്. സുരക്ഷാ വീഴ്ചയായതുകൊണ്ട് തന്നെ വന്നയുടന്‍ ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments