കണ്ണൂര്‍ : പ്രതിഷേധ മാര്‍ച്ചിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ അടിവയറ്റില്‍ ഡിവൈഎസ്പി ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസിനെതിരെ പരാതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മിഷനും പരാതി.സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രാജിവെക്കണമെന്ന ആവശ്യവുമായി യുവമോര്‍ച്ച, മന്ത്രിയുടെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം.
മാര്‍ച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം പോലീസ് ജലപീരങ്കി പ്രയോഗിച്ചതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ച പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടതോടെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ഇതിനിടെയാണ് ഡിവൈഎസ്പി യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ അടിവയറ്റില്‍ ചവിട്ടി വീഴ്ത്തിയത്.
യുവമോര്‍ച്ചാ പ്രവര്‍ത്തകരായ കെ. പ്രജിത്ത്, ബി.സുരേന്ദ്രന്‍ എന്നിവരെ ഡിവൈഎസ്പി പി.പി. സദാനന്ദന്‍ അടിവയറ്റില്‍ ചവിട്ടിയതിന് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്കാണ് യുവമോർച്ച പരാതി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകന്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുകയും പത്രമാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ ലംഘനത്തിന് പരാതി നല്‍കിയത്.അതേസമയം പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങിവരുന്ന യുവമോര്‍ച്ച നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്ക് ഡിവൈഎസ്പി സദാനന്ദന്‍ ഒത്താശ ചെയ്‌തെന്ന് ആരോപിച്ചു യുവമോര്‍ച്ച ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കോലം കത്തിച്ചു.
Post Your Comments